“ഇന്ത്യ എന്തായാലും ഫൈനൽ കളിക്കും.. എതിരാളികൾ ഈ ടീം”. പ്രവചനവുമായി മിസ്ബയും മാലിക്കും.

2023 ഏകദിന ലോകകപ്പ് അതിന്റെ സെമിഫൈനൽ പോരാട്ടത്തിലേക്ക് കടക്കുകയാണ്. ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഓസ്ട്രേലിയയാണ് എതിരാളികൾ. ഈ രണ്ടു മത്സരങ്ങളിലും വിജയം നേടുന്ന ടീമുകളാവും ഫൈനലിൽ ഏറ്റുമുട്ടുന്നത്.

എന്നാൽ ഫൈനലിന് മുൻപ് തന്നെ കലാശ പോരാട്ടത്തിൽ ഇന്ത്യ കളിക്കും എന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നായകനായ മിസ്ബ ഉൾ ഹക്കും ഓൾറൗണ്ടർ ശുഐബ് മാലിക്കും. ഫൈനലിൽ എന്തായാലും ഇന്ത്യ ഉണ്ടാവുമെന്നാണ് ഇരു താരങ്ങളും പറയുന്നത്. ഒപ്പം ഇന്ത്യയുടെ എതിരാളികളെയും ഇരു താരങ്ങളും പ്രവചിക്കുകയുണ്ടായി.

ഒരു പാക്കിസ്ഥാൻ മാധ്യമത്തിൽ സംസാരിക്കവെയാണ് ഇരു താരങ്ങളും ഇന്ത്യയുടെ ഫൈനലിലെ എതിരാളികളെ പറ്റി പറഞ്ഞത്. ഫൈനലിൽ ഇന്ത്യയുടെ എതിരാളികളായി എത്തുന്നത് ഓസ്ട്രേലിയവും എന്നാണ് മാലിക്ക് പറയുന്നത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടുമെന്നും അവിടെ ഇന്ത്യയുമായി അവർ ലോക കിരീടത്തിന് വേണ്ടി ഏറ്റുമുട്ടുമെന്നുമാണ് മാലിക്കിന്റെ പ്രവചനം. എന്നാൽ ഇതിൽ വ്യത്യസ്തമായ അഭിപ്രായമാണ് മിസ്ബ ഉൾ ഹക്കിന് ഉള്ളത്. കലാശ പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടും എന്നാണ് മിസ്ബ പറയുന്നത്.

“ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാവും കലാശ പോരാട്ടം നടക്കുക. സെമിയിൽ എത്തിയ നാലു ടീമുകളും വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ അന്നത്തെ ദിവസം ഏത് ടീമാവും മികവു കാട്ടുക എന്നതനുസരിച്ചിരിക്കും ഫൈനൽ മത്സരം. ഏതായാലും ശക്തമായ മത്സരങ്ങൾ തന്നെയാവും സെമിഫൈനലിൽ നടക്കുക.

എന്നാൽ ഇന്ത്യയെ സംബന്ധിച്ച് കൃത്യമായ ഒരു ബാലൻസ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ടീമുകളെ അപേക്ഷിച്ച് മികച്ച സന്തുലിതാവസ്ഥ ഇന്ത്യയ്ക്കുണ്ട്. അതിനാൽ തന്നെ ഇന്ത്യ ഫൈനലിലെത്തും എന്ന കാര്യത്തിൽ സംശയമില്ല.”- മിസ്ബ പറയുന്നു.

ഇതുവരെ ഈ ലോകകപ്പിൽ കൃത്യമായ ഡോമിനേഷൻ പുലർത്തിയാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയിട്ടുള്ളത്. പലപ്പോഴും ഇന്ത്യയ്ക്ക് കാലിടറാറുള്ളത് സെമി ഫൈനലിലാണ്. 2019 ഏകദിന ലോകകപ്പിലും ഇതേപോലെ അജയ്യരായായിരുന്നു ഇന്ത്യ സെമിഫൈനലിൽ എത്തിയത്. എന്നാൽ സെമിയിൽ ന്യൂസിലാൻഡിനെതിരെ ഒരു ഹൃദയഭേദകമായ പരാജയം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നു.

ആ പിഴവ് ഇനിയും ആവർത്തിക്കാതിരിക്കാനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്. 2019ലെ ന്യൂസിലാൻഡിനെതിരായ സെമി ഫൈനലിലെ കണക്കു തീർക്കാൻ ഇന്ത്യയ്ക്ക് ലഭിക്കുന്ന വലിയൊരു അവസരം കൂടിയാണ് 2023 ലോകകപ്പ് സെമിഫൈനൽ.

Previous articleഇത് ഏകദിന ചരിത്രത്തിലെ ഏറ്റവും ശക്തമായ ഇന്ത്യൻ ടീം. പ്രസ്താവനയുമായി ദിനേശ് കാർത്തിക്..
Next articleചരിത്ര സിക്സർ റെക്കോർഡ് നേടി രോഹിത് ശര്‍മ്മ. പിന്തള്ളിയത് ഗെയ്‌ലിനെയും എബിഡിയെയും.