കോഹ്ലിയും രോഹിതുമില്ലാതെ ഇന്ത്യയുടെ പരീക്ഷണം പരാജയപ്പെട്ടു.. യുവതാരങ്ങൾ കഴിവ് തെളിയിക്കണമെന്ന് ഓജ.

സമീപകാലത്ത് ഇന്ത്യ നടത്തിയ ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നു തന്നെയായിരുന്നു വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കാണാൻ സാധിച്ചത്. വിരാട് കോഹ്ലിയും രോഹിത് ശർമയും അടക്കമുള്ള സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവ താരങ്ങളെയാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ഇറക്കിയത്. എന്നാൽ പരമ്പരയിൽ മധ്യനിര ബാറ്റിങ്ങിലും മറ്റും ഇന്ത്യ വളരെയധികം പരാജയപ്പെടുകയുണ്ടായി.

ഇതേ സംബന്ധിച്ചാണ് ഇന്ത്യൻ താരം പ്രഗ്യാൻ ഓജ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. സീനിയർ താരങ്ങളുടെ അഭാവത്തിൽ, മധ്യനിര ബാറ്റിംഗിൽ ഇന്ത്യ നിരാശയുണ്ടാക്കിയെന്നാണ് ഓജ പറയുന്നത്. ഒപ്പം ഇന്നിംഗ്സ് കൃത്യമായി രീതിയിൽ പേസ് ചെയ്യാനും ഇന്ത്യക്ക് പരമ്പരയിൽ സാധിച്ചില്ല എന്നും ഓജ കൂട്ടിച്ചേർത്തു.

മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ വിജയം കണ്ടപ്പോൾ ഒരു മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയമായ തോൽവിയാണ് നേരിടേണ്ടി വന്നത്. ഇതിനെപ്പറ്റിയാണ് ഇപ്പോൾ ഓജ തുറന്നു പറയുന്നത്. “ഒരു ഏകദിന മത്സരം നമ്മൾ കളിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് എങ്ങനെ ഇന്നിംഗ്സ് പേസ് ചെയ്യാൻ സാധിക്കുന്നു എന്നതാണ്. എന്നാൽ വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിരാടിന്റെയും രോഹിത്തിന്റെയും അഭാവത്തിൽ ഇന്ത്യൻ മധ്യനിര തകർന്നു വീഴുകയുണ്ടായി.

Rohit Sharma and virat kohli india

വിരാടിനും രോഹിത്തിനും ഇന്ത്യ വിശ്രമം അനുവദിച്ചത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ ഈ പരീക്ഷണത്തിൽ ഇന്ത്യ വിജയിച്ചു എന്ന് പറയാനാവില്ല. ലോകകപ്പിന് മുൻപ് പുതിയ കളിക്കാർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകാൻ ഈ പരമ്പര സഹായകരമായിട്ടുണ്ട്. എന്തായാലും ഈ യുവതാരങ്ങളൊക്കെയും അവസരം നന്നായി മുതലെടുക്കണം.”- ഓജ പറയുന്നു.

“ഒരു ഇന്നിംഗ്സ് എങ്ങനെയാണ് പേസ് ചെയ്യേണ്ടത് എന്ന് അവർ മനസ്സിലാക്കണം. പ്രത്യേകിച്ച് ഏകദിനങ്ങളിൽ. ഇന്ത്യൻ ടീമിലെ ഈ പ്രശ്നങ്ങളൊക്കെയും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടണം. അങ്ങനെയെങ്കിൽ മുതിർന്ന താരങ്ങളില്ലെങ്കിൽ തന്നെ, ഈ യുവതാരങ്ങൾക്ക് മത്സരത്തിൽ നിർണായക സാന്നിധ്യമായി മാറാൻ സാധിക്കും. വെസ്റ്റിൻഡീസിനെതിരായ പരമ്പരകളൊക്കെയും ഈ യുവതാരങ്ങൾക്ക് മികവു പുലർത്താനുള്ള അവസരമായി തന്നെയാണ് ഞാൻ കാണുന്നത്.”- ഓജ കൂട്ടിച്ചേർക്കുന്നു.

ഏകദിനങ്ങളിൽ മാത്രമല്ല ട്വന്റി20യിലും സീനിയർ താരങ്ങളെ മാറ്റിനിർത്തി തന്നെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ട്വന്റി20യിൽ ഹർദിക് പാണ്ഡ്യ നായകനായ ടീമിൽ തിലക് വർമ്മയ്ക്ക് അവസരം നൽകിയിരുന്നു. അത് വേണ്ട രീതിയിൽ മുതലെടുക്കാൻ തിലക് വർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇഷാൻ കിഷൻ, സൂര്യകുമാർ, സഞ്ജു സാംസൺ തുടങ്ങിയവരൊക്കെയും ആദ്യ ട്വന്റി20യിൽ അത്ര മികച്ച പ്രകടനങ്ങളല്ല പുറത്തെടുത്തത്. വരും മത്സരങ്ങളിൽ ഈ പരിമിതികൾ മറികടന്ന് ഇന്ത്യ വിജയം സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleഅടുത്ത ട്വന്റി20 ലോകകപ്പ് വരെ സഞ്ജുവിനെ ആറാം നമ്പറിൽ സ്ഥിരമായി കളിപ്പിക്കണം.. ആവശ്യവുമായി റോബിൻ ഉത്തപ്പ.
Next articleഇഷാന്‍ കിഷന്‍ വേണ്ട. രണ്ടാം ടി20 യില്‍ മാറ്റം നിര്‍ദ്ദേശിച്ച് വസീം ജാഫര്‍.