അടുത്ത ട്വന്റി20 ലോകകപ്പ് വരെ സഞ്ജുവിനെ ആറാം നമ്പറിൽ സ്ഥിരമായി കളിപ്പിക്കണം.. ആവശ്യവുമായി റോബിൻ ഉത്തപ്പ.

2024 ട്വന്റി20 ലോകകപ്പ് വരെ സഞ്ജു സാംസണിന് ഇന്ത്യ ട്വന്റി20 ടീമിൽ തുടർച്ചയായ അവസരം നൽകണം എന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഒരു ഫിനിഷറായിയാണ് ഇന്ത്യ ട്വന്റി20 ടീമിൽ സഞ്ജു സാംസനെ കാണുന്നതെങ്കിൽ ആറാം നമ്പരിൽ തന്നെ സഞ്ജുവിന് ഇന്ത്യ ഒരുപാട് അവസരങ്ങൾ നൽകാൻ തയ്യാറാവണമെന്നും ഉത്തപ്പ പറഞ്ഞു.

സാധാരണയായി ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻനിരയിലാണ് സഞ്ജു സാംസൺ കളിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്ത്യ വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ സഞ്ജുവിനെ ആറാം സ്ഥാനത്താണ് ഇറക്കിയത്. ഇതിനുശേഷമാണ് റോബിൻ ഉത്തപ്പ ഈ പ്രതികരണം നടത്തിയിരിക്കുന്നത്.

“ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു സാംസനെ ഇന്ത്യ ആറാം നമ്പറിൽ പരിഗണിച്ചിരിക്കുന്നു എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അക്കാര്യത്തിൽ എനിക്ക് വലിയ പ്രതീക്ഷയുമുണ്ട്. മാത്രമല്ല സഞ്ജു സാംസണിന് ഇന്ത്യ തുടർച്ചയായ അവസരങ്ങൾ നൽകണം എന്നതാണ് എന്റെ അഭിപ്രായം. 2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണിനെ ഇന്ത്യ ഫിനിഷർ റോളാണ് ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ പൊസിഷനിൽ തന്നെ ബാറ്റ് ചെയ്യാനും അനുവദിക്കേണ്ടതുണ്ട്. അത് സഞ്ജുവിന് ഗുണം ചെയ്യും. ആ പൊസിഷനിൽ എത്രമാത്രം മത്സരങ്ങളിൽ കളിക്കാൻ സാധിക്കുന്നുവോ, അത്രമാത്രം കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും സഞ്ജുവിന് സാധിക്കും.”- ഉത്തപ്പ ജിയോ സിനിമയോട് പറഞ്ഞു.

ഇതോടൊപ്പം സഞ്ജു സാംസൺ തന്റെ ബാറ്റിംഗിൽ ഇനി വരുത്തേണ്ട ചില മാറ്റങ്ങളെപറ്റിയും ഉത്തപ്പ പറയുകയുണ്ടായി. “ഇനി സഞ്ജു രാജസ്ഥാൻ റോയൽസ് ടീമിനായി കളിക്കുമ്പോൾ പകുതി സീസണിൽ ടോപ് ഓർഡർ ബാറ്ററായും ബാക്കി മത്സരങ്ങളിൽ ആറാം നമ്പറിലും കളിക്കാൻ തയ്യാറാവണം. അങ്ങനെയെങ്കിൽ ആ സ്ഥാനത്തോട് കൂടുതൽ അടുക്കാൻ സഞ്ജുവിന് സാധിക്കും.

ഇന്ത്യക്കായി കളിക്കുന്ന സമയത്ത് സഞ്ജുവിന് മൂന്നാം നമ്പർ പൊസിഷനിൽ ബാറ്റ് ചെയ്യാൻ സാധിക്കും എന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ സൂര്യകുമാർ യാദവായിരിക്കും മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യുക. അല്ലെങ്കിൽ വിരാട് കോഹ്ലിയെ ഇന്ത്യ ആ ദൗത്യം ഏൽപ്പിക്കും. അതുകൊണ്ടുതന്നെ മുൻനിരയിലും മധ്യനിരയിലും ബാറ്റ് ചെയ്യാൻ സഞ്ജു എപ്പോഴും തയ്യാറായിരിക്കണം.”- ഉത്തപ്പ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. എന്നാൽ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് ഇത് ആവർത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 12 പന്തുകൾ നേരിട്ട സഞ്ജു 12 റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല വളരെ ദൗർഭാഗ്യകരമായ രീതിയിലാണ് സഞ്ജു മത്സരത്തിൽ പുറത്തായത്. സഞ്ജുവിന്റെ വിക്കറ്റ് ആയിരുന്നു മത്സരത്തിൽ വലിയ വഴിത്തിരിവായി മാറിയത്. മത്സരത്തിൽ ഇന്ത്യ നാല് റൺസിന് പരാജയം ഏറ്റുവാങ്ങാനുള്ള കാരണവും നിർണായകസമയത്തെ സഞ്ജുവിന്റെ പുറത്താവലായിരുന്നു.