ഇന്ത്യയ്ക്കെതിരായ കലാശ പോരാട്ടത്തിൽ വൻപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിരിക്കുകയാണ് പാകിസ്ഥാൻ ടീമിന്റെ ഡയറക്ടർ മിക്കി ആർതർ. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം കാണികൾക്ക് മുൻപിലായിരുന്നു മത്സരം നടന്നത്.
എന്നാൽ മത്സരത്തിന്റെ യാതൊരു സമയത്തും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് യാതൊരു പിന്തുണയും ഉണ്ടായില്ല എന്നാണ് ആർതർ വിമർശിച്ചിരിക്കുന്നത്. മത്സരശേഷമുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് മിക്കി ആർതർ ഇതേപ്പറ്റി സംസാരിച്ചത്. ബിസിസിഐയെയും സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെയുമാണ് ആർതർ വിമർശിച്ചത്.
മത്സരത്തിലുടനീളം ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കാൻ മൈക്രോ ഫോണിലൂടെ ആഹ്വാനങ്ങൾ നടന്നിരുന്നതായും, പാക്കിസ്ഥാൻ ടീമിന് ഇത്തരത്തിലുള്ള യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല എന്നുമാണ് ആർതർ പറഞ്ഞത്. ദിൽ ദിൽ പാക്കിസ്ഥാൻ എന്ന പ്രശസ്തമായ ഗാനം ഒരു സമയത്ത് പോലും മൈതാനത്ത് മുഴങ്ങിക്കേട്ടില്ലയെന്നും ആർതർ ചൂണ്ടിക്കാട്ടി.
“സത്യത്തിൽ ഇവിടെ നടന്നത് ഒരു ഐസിസി ഇവന്റായി എനിക്ക് തോന്നിയില്ല. ബിസിസിഐ സംഘടിപ്പിച്ച ഒരു പരിപാടിയാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ ഒരു ദ്വിരാഷ്ട്ര പരമ്പര പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. മത്സരത്തിലുടനീളം ദിൽ ദിൽ പാക്കിസ്ഥാൻ എന്ന പ്രശസ്തമായ ഗാനം മൈക്രോഫോണിലൂടെ കേൾക്കാൻ പോലും സാധിച്ചില്ല.”- മിക്കി ആർതർ പറയുന്നു.
“ഇക്കാര്യങ്ങളൊക്കെയും മത്സരത്തിൽ പ്രാധാന്യമേറിയ കാര്യമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പാക്കിസ്ഥാൻ മത്സരത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഞാൻ എക്സ്ക്യൂസ് പറയുകയല്ല. ഞങ്ങളെ സംബന്ധിച്ച് ഇപ്പോഴത്തെ നിമിഷമാണ് പ്രധാനപ്പെട്ടത്. ഈ നിമിഷം എങ്ങനെ ജീവിക്കുന്നു എന്നതിനാണ് കാര്യം. അടുത്ത ബോൾ എങ്ങനെ നേരിടുന്നു എന്നതാണ് കാര്യം. എങ്ങനെ ഞങ്ങൾക്ക് ഇന്ത്യയെ നേരിടാൻ സാധിക്കും എന്നതായിരുന്നു ഞങ്ങൾ ചിന്തിച്ചത്.”- ആർതർ കൂട്ടിച്ചേർത്തു. എന്നാൽ ഇതേ സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾക്ക് ആർതർ മറുപടി നൽകിയില്ല.
മത്സരത്തിലെ വമ്പൻ പരാജയം പാക്കിസ്ഥാനെ ഒരുപാട് പിന്നിലേക്കടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ലോകകപ്പിൽ ഇതുവരെ രാജ്യങ്ങളും തമ്മിൽ 8 തവണ ഏറ്റുമുട്ടിയപ്പോൾ, 8 തവണയും ഇന്ത്യയായിരുന്നു വിജയം കണ്ടത്. വരുന്ന ലോകകപ്പുകളിലെങ്കിലും ഈ റെക്കോർഡ് തകർക്കാൻ പാക്കിസ്ഥാന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാക് ആരാധകർ.