ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ നാണംകെട്ട തോൽവിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്.7 വിക്കറ്റിനായിരുന്നു ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 306 റൺസ് എന്ന സ്കോർ കണ്ടെത്തിയെങ്കിലും 17 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിന്റെ അനായാസ വിജയമാണ് ന്യൂസിലാൻഡ് ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്. ന്യൂസിലാൻഡിനു വേണ്ടി ടോം ലാതം പുറത്താകാതെ 145 റൺസും, കെയ്ൻ വില്യംസൺ പുറത്താകാതെ 94 റൺസും നേടി വിജയത്തിൽ നിർണായ പങ്കുവഹിച്ചു.
മത്സരത്തിൽ ഇന്ത്യയെ തീർത്തും നിരാശപ്പെടുത്തിയത് ബൗളിംഗ് നിരയുടെ പ്രകടനമായിരുന്നു. ഒരു ഘട്ടത്തിൽ പോലും ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. അഞ്ച് ബൗളർമാരെ ആശ്രയിച്ചായിരുന്നു ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഇറങ്ങിയത്. അതേസമയം ബാറ്റിംഗ് നിര തരക്കേടില്ലാത്ത മികച്ച പ്രകടനം നടത്തി. ഇപ്പോഴിതാ ഇന്ത്യയുടെ തോൽവിയിൽ പരിശീലകൻ ലക്ഷ്മണെയും നായകൻ ശിഖർ ധവാനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഇന്ത്യൻ ടീമിൽ കൂടുതൽ ബൗളർമാരെ വേണമെന്നാണ് അദ്ദേഹം പറയുന്നത്.
“ഇപ്പോഴും പഴഞ്ചൻ ശൈലിയാണ് ഇന്ത്യയുടെ ഏകദിന ടീം തുടരുന്നത്. പ്ലെയിങ് ഇലവനിൽ 6,7 താരങ്ങളെങ്കിലും പന്തെറിയാൻ അറിയുന്നവർ വേണം.”- മൈക്കൽ വോൺ പറഞ്ഞു. അതേസമയം ന്യൂസിലാൻഡിനെ പ്രശംസിച്ചു കൊണ്ട് മുൻ ഇന്ത്യൻ താരം വസീം ജാഫർ ട്വീറ്റ് ചെയ്തു.”ന്യൂസിലാൻഡ് നന്നായി കളിച്ചു. അവർ 270 റൺസ് പോലെയാണ് 300 നു മുകളിലുള്ള വിജയലക്ഷ്യം മറികടന്നത്. വില്യംസന്റെ ക്ലാസ് പ്രകടനത്തിൽ അത്ഭുതം ഒന്നുമില്ല. എന്നാൽ ഞെട്ടിച്ചത് ടോം ലാതമാണ്.
ഓപ്പണർ ആയ ഒരാൾ മധ്യനിരയിൽ ഇറങ്ങി ഇത്തരമൊരു പ്രകടനം നടത്തുന്നത് എളുപ്പമല്ല. ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം 5 ബൗളർമാരെ മാത്രം കളിപ്പിക്കുന്നതാണ്.”- വസീം ജാഫർ പറഞ്ഞു. മികച്ച ഓൾറൗണ്ടർമാരില്ലാത്തതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം. ഹർദിക് പാണ്ഡ്യ മാത്രമാണ് ആ പട്ടികയിൽ ഉള്ളത്. നിലവിൽ ഇന്ത്യയുടെ ടോപ്പ് സിക്സിലെ ഒരു ബാറ്റ്സ്മാനും പന്തെറിയുന്നില്ല. മികച്ച യുവതാരങ്ങളെ കണ്ടെത്തി ടീമിലേക്ക് കൂടുതൽ ഓൾറൗണ്ടർമാരെ ഇന്ത്യ പരിഗണിക്കണം. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് അത് ആവശ്യമാണ്.