ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ കനത്ത തോൽവി ആരാധകരെ എല്ലാം വളരെ നിരാശയിലാക്കി. കിവീസിന് എതിരായ ഫൈനലിലെ എട്ട് വിക്കറ്റ് തോൽവി പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടമെന്ന ഇന്ത്യൻ ടീമിന്റെയും ഇന്ത്യൻ ആരാധകരുടെയും സ്വപ്നവുമാണ് തകർത്തത്. ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് എതിരെ വിമർശനം ശക്തമാവുകയാണ്. നിലവിൽ ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങൾ എല്ലാം ഓഗസ്റ്റ് മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരക്കായിട്ടുള്ള എല്ലാ ഒരുക്കങ്ങളും പരിശീലനവും വൈകാതെ ആരംഭിക്കും.
എന്നാൽ ഇന്ത്യൻ ടീമിനെതിരെ വളരെ നിർണായക ടെസ്റ്റ് പരമ്പര കളിക്കാൻ പോകുന്ന ഇംഗ്ലണ്ടിന് വലിയ മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇംഗ്ലണ്ട് നായകനും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ മൈക്കൽ വോൺ. വരാനിരിക്കുന്ന പരമ്പരയിൽ കരുത്തരായ ഇന്ത്യൻ ബൗളിംഗ് നിരക്ക് എതിരെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ ഏറെ കരുതലും ഒപ്പം കരുത്തും കാണിക്കണം എന്നാണ് വോണിന്റെ ഉപദേശം. ബാറ്റിങ് ഓർഡറിൽ മാറ്റങ്ങൾ വരുമ്പോൾ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ മിന്നും പ്രകടനം കാഴ്ചവെക്കും എന്നാണ് വോണിന്റെ അഭിപ്രായം. ബട്ട്ലർ, ബെൻ സ്റ്റോക്സ്, വോക്സ് എന്നിവർ പരിക്കിൽ നിന്നും മുക്തരായി ഇന്ത്യക്ക് എതിരെ കളിച്ചാൽ ബാറ്റിങ് നിരയിൽ കൂടുതൽ ആശങ്കകൾ ഇല്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
ആശാസ്ത്രീയുമായ ഇംഗ്ലണ്ട് ടീമിലെ റോട്ടേഷൻ പോളിസിയെ മൈക്കൽ വോൺ രൂക്ഷ ഭാഷയിൽ വിമർശിച്ചു. “താരങ്ങളെ സാഹചര്യം അനുസരിച്ചാണ് ടീമുകൾ മാറ്റുന്നത്. എന്നാൽ ഇംഗ്ലണ്ട് ടീമിന്റെ ചില ടെസ്റ്റ് പരമ്പര തോൽവികൾ ടീം മാനേജ്മെന്റ് വരുത്തിവെച്ചതാണ്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ അവർ പേസ് ബൗളർമാരെ കൂടുതലായി കളിപ്പിച്ചു.നേരത്തെ ഇന്ത്യക്ക് എതിരായ ഡേ നൈറ്റ് ടെസ്റ്റിലും 2 ആഴ്ച മുൻപ് കിവീസിന് എതിരായ ഒരു ടെസ്റ്റിലും ഈ തെറ്റ് ആവർത്തിച്ചു.അവർ എങ്ങനെ വരാനിരിക്കുന്ന പരമ്പരയിൽ ശക്തരായ ഇന്ത്യൻ ടീമിന് എതിരെ പിടിച്ച് നിൽക്കും എന്നതിൽ എനിക്ക് സംശയം ഉണ്ട്. പക്ഷേ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് എളുപ്പമാവില്ല “വോൺ തന്റെ അഭിപ്രായം വിശദമാക്കി