ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിന മത്സരത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ടീം ഇത്തവണ 148 റണ്‍സിന് എല്ലാവരും പുറത്തായി. 41 റണ്‍സ് നേടിയ റോവ്മാന്‍ പവലാണ് വിൻഡീസ് ബാറ്റിംഗ് നിരയിലെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ മെഹ്ദി ഹസനാണ് വീന്‍ഡീസിനെ രണ്ടാം ഏകദിനത്തിലും തകര്‍ത്തത്. ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജോണ്‍ ഒട്ട്‌ലി (24), ക്രുമാഹ് ബൊന്നര്‍ (20) എന്നിവരാണ് ടീമിന്റെ സ്കോർ നൂറ് റൺസ് കടത്തിയ സ്‌കോറര്‍മാര്‍. സുനില്‍ ആംബ്രിസ് (6), ജോഷ്വാ ഡ സില്‍വ (5), ആന്ദ്രേ മക്കാര്‍ത്തി (3), ജേസണ്‍ മുഹമ്മദ് (11), കെയ്ല്‍ മയേഴ്‌സ് (0), റെയ്‌മോന്‍ റീഫര്‍ (2), അള്‍സാരി ജോസഫ് (17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അകെയ്ല്‍ ഹുസൈന്‍ (12) ബാറ്റിങ്ങിൽ പുറത്താവാതെ നിന്നു.
മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ മത്സരം കൂടി ജയിച്ചാല്‍ ബംഗ്ലാദേശിന് പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ടീമിന് 122 റണ്‍സാണ് നേടുവാൻ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നിരുന്നു .