ധോണിയെ പോലൊരു ഇതിഹാസത്തോട് തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല : ആദ്യമായി പ്രതികരിച്ച്‌ റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ  ഐതിഹാസിക ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോള്‍  ബാറ്റിങ്ങിലെ പ്രകടനം കൊണ്ട് നിര്‍ണായക പങ്കുവഹിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തായിരുന്നു. മൂന്ന് മത്സരങ്ങള്‍ കളിച്ച പന്ത് 274 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി പരമ്പരയിൽ  ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പന്ത് തന്നെ. ഗാബയില്‍ ഇന്ത്യയുടെ ചരിത്ര  വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതും പന്ത് ആയിരുന്നു. 328 റണ്‍സ്  എന്ന പടുകൂറ്റൻ ഓസീസ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 89 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. 32 വർഷത്തിന് ശേഷമാണ് ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്ട്രേലിയ തോൽവി വഴങ്ങുന്നത് .

ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും  വിക്കറ്റ് കീപ്പിംഗില്‍ താരം പതിവ് പോലെ  വിമര്‍ശനങ്ങള്‍ക്ക് ഇരയായി . ഓസ്‌ട്രേലിയന്‍ പര്യടനത്തിലും അദ്ദേഹം അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. ഇന്നലെയാണ്  താരം ഇന്ത്യയില്‍ തിരിച്ചെത്തിയത്. ക്രിക്കറ്റില്‍ തന്റേതായിട്ടുള്ള ഒരിടം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് പന്ത് മാധ്യമങ്ങളോട് പറഞ്ഞു. മുൻ നായകൻ ധോണിയോട് തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ചും പന്ത് വാചാലനായി .

റിഷാബ് പന്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു ” ക്രിക്കറ്റിൽ എന്റേതായിട്ടുള്ള ഒരിടം എപ്പോഴും  കണ്ടെത്തുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകൻ ധോണി
മഹാനായ ഒരു ക്രിക്കറ്ററാണ്.
അദ്ദേഹത്തോടാണ്   പലരും എന്നെ
താരതമ്യപ്പെടുത്തുന്നത് .അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ  അംഗീകാരമായിട്ടാണ് ഞാൻ
കാണുന്നത്. എന്നാല്‍ ഈ ഒരു  താരതമ്യത്തോട് ഒരിക്കലും എനിക്ക്  താല്പര്യമില്ല . ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എനിക്കൊരു ഇടമുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ധോണിയെ പോലെ
ഒരു ഇതിഹാസത്തോട് ആളുകൾ  താരതമ്യപ്പെടുത്തുന്നത് ശരിയല്ല.” പന്ത് വ്യക്തമാക്കി. 

Read More  അവന്റെ ചിന്തകൾ കോഹ്‍ലിയെയും വില്യംസനെയും പോലെ : റിഷാബ് പന്തിനെ കുറിച്ചുള്ള വമ്പൻ രഹസ്യം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ബാറ്റിങ്ങിൽ  ധോണിയുടെ ഒരു അപൂർവ  റെക്കോഡ്   പന്ത് സ്വന്തം പേരിലാക്കിയിരുന്നു . വേഗത്തില്‍ 1000 പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവുകയായിരുന്നു അദ്ദേഹം. 27 ഇന്നിങ്‌സില്‍ നിന്നാണ് പന്ത് 1000 ക്ലബിലെത്തിയത്. അതേസമയം  32 ഇന്നിങ്‌സിലാണ് ധോണി 1000
കടന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here