സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പര കൈവിട്ടത് ഇന്ത്യൻ ക്യാംപിൽ സൃഷ്ടിച്ച നിരാശ വളരെ വലുതാണ്. കേപ്ടൗൺ ടെസ്റ്റിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ ടീം തോറ്റത് എങ്കിലും ഇംഗ്ലണ്ട്, ഓസ്ട്രേലിയ മണ്ണിൽ ടെസ്റ്റ് പരമ്പരകൾ ജയിച്ച ഇന്ത്യൻ ടീമിന് സൗത്താഫ്രിക്കൻ മണ്ണിൽ ചരിത്ര ടെസ്റ്റ് പരമ്പരക്കുള്ള സുവർണ്ണ അവസരമായിരുന്നു. എന്നാൽ ബാറ്റിങ് നിര തകർന്നതോടെ ടീം ഇന്ത്യക്ക് തോൽവി നേടാൻ മാത്രമാണ് കഴിഞ്ഞത്. തോൽവിക്ക് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലി ഇന്ത്യൻ ക്യാംപിലെ വേദന ഇരട്ടിയാക്കി.
ഈ പരമ്പര നഷ്ടത്തിന് പിന്നാലെ ടീം ഇന്ത്യയിൽ ബാറ്റിങ് നിരയിൽ അടിമുടി മാറ്റങ്ങൾക്കുള്ള സാധ്യതകളുമുണ്ട്. ഈ കാര്യം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. മോശം ബാറ്റിങ് ഫോമിലുള്ള പൂജാര, അജിങ്ക്യ രഹാനെ എന്നിവർക്ക് ടീമിലെ സ്ഥാനം ഏറെക്കുറെ നഷ്ടമാകുമെന്ന് ഉറപ്പാകുമ്പോൾ മറ്റൊരു താരത്തിനെ കൂടി ടീമിൽ നിന്നും തന്നെ പുറത്താക്കണമെന്നാണ് ഹർഭജൻ സിംഗിന്‍റെ അഭിപ്രായം.
പൂജാര, രഹാനെ എന്നിവരെ കുറിച്ചു മാത്രം എല്ലാവരും കടുത്ത വിമർശനം ഉന്നയിക്കുമ്പോൾ മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനെയും ടീമിൽ നിന്നും തന്നെ പുറത്താക്കണമെന്നാണ് ഭാജി തുറന്ന് പറയുന്നത്. ” ഓപ്പണർ അഗർവാൾ മികച്ച ഫോമിൽ അല്ലെന്ന് നമുക്ക് വ്യക്തം.6 ടെസ്റ്റ് ഇന്നിങ്സുകൾ കളിക്കാനായി ലഭിച്ചിട്ടും മായങ്ക് അഗർവാളിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. ലഭിച്ച ഈ അവസരം മുതലാക്കാൻ സാധിക്കാതെ പോയ അഗർവാളിന് പകരം ആരെങ്കിലും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ വരണമെന്നാണ് എന്റെ അഭിപ്രായം.വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ രഹാനെയും പൂജാരയും സ്ഥാനം നേടില്ലെന്നാണ് എന്റെ ഉറച്ച നിരീക്ഷണം “ഭാജി തന്റെ അഭിപ്രായം വിശദമാക്കി
“മായങ്ക് അഗർവാൾ സൗത്താഫ്രിക്കൻ പര്യടനത്തിൽ നിരാശപെടുത്തിയതായ സാഹചര്യത്തിൽ ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ എന്നിവർ സ്‌ക്വാഡിലേക്ക് എത്തും എന്നാണ് ഞാൻ കരുതുന്നത്. പൂജാര, രഹാനെ എന്നിവർക്ക് പകരം മിഡിൽ ഓർഡർ ശക്തമാക്കേണ്ടതുണ്ട്. ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവർ ടീമിലേക്ക് എത്തണം “ഹർഭജൻ സിങ് വാചാലനായി. ശ്രീലങ്കക്കെതിരെയാണ് ടീം ഇന്ത്യക്ക് അടുത്ത ടെസ്റ്റ് പരമ്പര.