സൗത്താഫ്രിക്കക്ക് എതിരായ വളരെ നിർണായക ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റവും അധികം വിമർശനം കേട്ടത് പൂജാര, രഹാനെ എന്നിവരുടെ സ്ഥാനം എന്തെന്നുള്ള ചോദ്യമാണ്. മോശം ബാറ്റിങ് ഫോമിലുള്ള ഇരുവർക്കും ഒരിക്കൽ കൂടി അവസരം നൽകാൻ ഇന്ത്യൻ ടീം തീരുമാനിച്ചപ്പോൾ പൂർണ്ണ നിരാശ മാത്രമാണ് സീനിയർ താരങ്ങൾ നൽകുന്നത്. ഒന്നാം ടെസ്റ്റിൽ ലഭിച്ച മികച്ച തുടക്കങ്ങൾ ഉപയോഗിക്കാൻ കഴിയാതെ ഇരുവരും വേഗം പുറത്തായപ്പോൾ രണ്ടാം ടെസ്റ്റിലും റൺസ് നേടുവാൻ വളരെ അധികം പ്രയാസപെടുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.വാണ്ടറെഴ്സിലെ ഒന്നാം ഇന്നിങ്സിൽ പൂജാര മൂന്ന് റൺസ് മാത്രം നേടി പുറത്തായപ്പോൾ നേരിട്ട ആദ്യത്തെ ബോളിൽ തന്നെ മോശം ഷോട്ട് കളിച്ചാണ് രഹാനെ ഗോൾഡൻ ഡക്കിൽ പുറത്തായത്.
ഇക്കഴിഞ്ഞ ഒന്നര വർഷ കാലമായി മോശം ഫോമിലുള്ള ഇരുവർക്കും വീണ്ടും വീണ്ടും അവസരം ലഭിക്കുമ്പോൾ ശ്രേയസ് അയ്യർ അടക്കമുള്ളവർക്ക് പ്ലെയിങ് ഇലവനിലേക്ക് പോലും സ്ഥാനം ലഭിക്കുന്നില്ലയെന്നതാണ് വിമർശനം. എന്നാൽ രണ്ടാം ടെസ്റ്റിലും നിരാശയായി മാറിയ ഇരുവർക്കും മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.
രണ്ട് സീനിയർ താരങ്ങൾക്കും രണ്ടാം ഇന്നിങ്സ് അവർ ടെസ്റ്റ് കരിയർ രക്ഷിക്കാനുള്ള അവസാന ചാൻസാണെന്നാണ് ഗവാസ്ക്കറുടെ അഭിപ്രായം.”ഇന്നത്തെ രണ്ട് താരങ്ങളുടെ പുറത്താകൽ കാണുമ്പോൾ ഇത് അവരുടെ അവസാന ടെസ്റ്റ് മത്സരമെന്നാണ് നമുക്ക് തോന്നുക. രണ്ടാം ഇന്നിങ്സ് ഇരുവർക്കും അവരുടെ ടെസ്റ്റ് കരിയർ രക്ഷിക്കാനുള്ള സുവർണ്ണ അവസരമാണ് “ഗവാസ്ക്കർ നിരീക്ഷിച്ചു.
“ഇന്നത്തെ പുറത്താകൽ പിന്നാലെ രണ്ട് താരങ്ങളും വളരെയധികം സമ്മർദ്ദത്തിൽ തന്നെയാണ്. അവരുടെ ടീമിലെ സ്ഥാനം തന്നെ ഇന്നത്തെ ഈ പുറത്താകലിന് പിന്നാലെ ചോദ്യമായി മാറുകയാണ്. എന്റെ വിശ്വാസത്തിൽ അവർക്ക് രണ്ടാം ഇന്നിങ്സ് അവസാനത്തെ ചാൻസ് മാത്രമാണ്. അല്ലാത്ത പക്ഷം മറ്റുള്ള താരങ്ങൾക്ക് ഈ സ്ഥാനത്തിലേക്ക് എത്താനുള്ള അവസരമാണ് “സുനിൽ ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി.