2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെ ബാറ്റിംഗിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്. ടൂർണമെന്റിലുടനീളം വളരെ മോശം പ്രകടനം തന്നെയാണ് സൂര്യകുമാറിൽ നിന്ന് ഉണ്ടായത്. ടൂർണമെന്റിൽ 7 മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ സൂര്യകുമാറിന് അവസരം ലഭിച്ചെങ്കിലും, 17 റൺസ് ശരാശരിയിൽ 106 റൺസ് മാത്രമായിരുന്നു സൂര്യകുമാർ യാദവ് നേടിയത്.
ശേഷം സൂര്യകുമാറിനെ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ നായകനായി നിശ്ചയിക്കുകയും ചെയ്തു. നായകനായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് സൂര്യ പുറത്തേടുത്തത്.
മത്സരത്തിൽ ഒരു വമ്പൻ സ്കോർ ചെയ്സ് ചെയ്തിറങ്ങിയ ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചു. 42 പന്തുകളിൽ 80 റൺസാണ് സൂര്യകുമാർ യാദവ് മത്സരത്തിൽ നേടിയത്. ഇഷാൻ കിഷനുമൊത്ത് മത്സരത്തിൽ 112 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും സൂര്യകുമാർ യാദവിന് മത്സരത്തിൽ സാധിച്ചു.
ഈ മത്സരത്തിനിടെ ഉണ്ടായ ഒരു രസകരമായ സംഭാഷണമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മത്സരത്തിനിടെ കമന്ററി ബോക്സിൽ മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രീയും ഓസ്ട്രേലിയൻ മുൻ താരം മാത്യു ഹെയ്ഡനും തമ്മിലാണ് ഈ രസകരമായ സംഭാഷണം നടന്നത്.
സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് നടക്കുന്ന സമയത്ത് സൂര്യയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മുൻ താരം രവി ശാസ്ത്രി. “ഇത്ര മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവിനെ പിടിച്ചു കെട്ടാൻ എന്താണ് ചെയ്യാൻ സാധിക്കുക” എന്ന് ശാസ്ത്രി ഹെയ്ഡനോട് ചോദിക്കുകയുണ്ടായി. ഇതിന് ഹെയ്ഡ്ൻ പറഞ്ഞ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. “ഇതൊരു ഏകദിന മത്സരമാണെന്ന് സൂര്യകുമാർ യാദവിനോട് പറഞ്ഞാൽ മതി” എന്നാണ് ഹെയ്ഡൻ പറഞ്ഞത്.
ഈ മറുപടി ആരാധകരടക്കം ഏറ്റെടുക്കുകയുണ്ടായി. കാരണം ഏകദിന മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് സൂര്യ സമീപകാലത്ത് പുറത്തെടുത്തിട്ടുള്ളത്. പക്ഷേ ട്വന്റി20കളിൽ എതിർ ടീമിനെ പൂർണമായും പഞ്ഞിക്കിടാൻ സൂര്യക്ക് സാധിക്കുന്നു.
മാത്യു ഹെയ്ഡന്റെ ഈ തകർപ്പൻ മറുപടി ഷെയർ ചെയ്ത് മുൻ പാക് താരം ശുഐബ് അക്തറും രംഗത്തെത്തുകയുണ്ടായി. “വളരെ രസകരമായിരുന്നു ഹെയ്ഡൻ” എന്നാണ് അക്തർ പറഞ്ഞത്. എന്തായാലും ആദ്യ മത്സരത്തിൽ വിജയം നേടിയതോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരത്താണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരം നടക്കുന്നത്. 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്.