എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു പാക്കിസ്ഥാന്റെ ലോകകപ്പ് സെമിഫൈനൽ പ്രവേശനം. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട പാക്കിസ്ഥാൻ ലോകകപ്പിൽ നിന്നും സെമിഫൈനൽ കാണാതെ പുറത്താകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഇപ്പോൾ ഇതാ എല്ലാ ക്രിക്കറ്റ് ആരാധകരും പാക്കിസ്ഥാൻ സെമിഫൈനലിൽ പ്രവേശിച്ചപ്പോൾ അത്ഭുതപ്പെട്ടപോലെ താനും അത്ഭുതപ്പെട്ടു എന്ന് പറഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ടീം ഉപദേശകനായ മാത്യു ഹെയ്ഡൻ.
സെമിഫൈനലിൽ പാക്കിസ്ഥാൻ പ്രവേശിച്ചതോടെ മറ്റു ടീമുകൾക്ക് നേരിടാൻ ആഗ്രഹിക്കാത്ത എതിരാളികളായി പാക്കിസ്ഥാൻ മാറിയെന്നും മുൻ ഓസ്ട്രേലിയൻ താരം പറഞ്ഞു. ടീം ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് ഹെയ്ഡൻ പറയുന്ന വാക്കുകൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പാക്കിസ്താന്റെ സെമി പ്രവേശനത്തെ അത്ഭുതമെന്നാണ് ഹെയ്ഡൻ വിശേഷിപ്പിക്കുന്നത്.
“ഈ സെമി പ്രവേശനം അത്ഭുതകരമാണ്. പരസ്പരമായ അർപ്പണബോധവും വിശ്വാസവും ഉണ്ടെങ്കിൽ എന്ത് അത്ഭുതങ്ങളും സംഭവിക്കാം എന്നതിൻ്റെ തെളിവാണ് നമ്മൾ കണ്ടത്. നമ്മളുടെ മുന്നേറ്റം എളുപ്പമായിരുന്നില്ല. ഡച്ച്ക്കാർ ഇല്ലായിരുന്നെങ്കിൽ നമ്മളുടെ സെമി പ്രവേശനം സാധ്യമാകില്ല. മികച്ച പ്രകടനം പുറത്തെടുത്തിട്ടും കഴിഞ്ഞ ലോകകപ്പിൽ നമ്മൾ ഓസ്ട്രേലിയയോട് തോറ്റു പുറത്തായി.
ഇക്കുറി നമ്മൾ അവസരങ്ങൾ പരമാവധി മുതലാക്കണം.”- ഹെയ്ഡൻ പറഞ്ഞു. ന്യൂസിലാൻഡിനെതിരെയാണ് പാകിസ്താന്റെ സെമിഫൈനൽ പോരാട്ടം. അതേസമയം പാക്കിസ്ഥാനെ ഒരിക്കലും വില കുറച്ച് കാണില്ലെന്ന് ന്യൂസിലാൻഡ് ബോളർ സൗത്തി പറഞ്ഞു. ലോകകപ്പിലെ സെമിഫൈനലുകളിൽ എല്ലാ ടീമുകൾക്കും തുല്യ അവസരമാണ് ഉള്ളതെന്നും സൗത്തി വ്യക്തമാക്കി.