ഇന്നലെയായിരുന്നു 20-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ അഫ്ഗാനിസ്ഥാൻ-ഓസ്ട്രേലിയ പോരാട്ടം. ഇപ്പോഴിതാ പുറത്തു വരുന്നത് മത്സരത്തിൽ അമ്പയറുടെ ഭാഗത്തു നിന്നും വന്ന ഗുരുതര പിഴവാണ്. ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോൾ അഫ്ഗാനിസ്ഥാൻ എറിഞ്ഞ ഒരു ഓവറിൽ 6 പന്തിന് പകരം 5 പന്തുകൾ മാത്രമാണ് എറിഞ്ഞത്.
ഓസ്ട്രേലിയൻ ഇന്നിങ്സിലെ നാലാം ഓവറിൽ ആയിരുന്നു രസകരമായ സംഭവം അരങ്ങേറിയത്. മിച്ചൽ മാർഷും ഡേവിഡ് വാർണറും ആയിരുന്നു ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. നവീൻ ഉൾ ഹഖ് എറിഞ്ഞ ഓവറിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. ഇക്കാര്യം അമ്പയർ ശ്രദ്ധിച്ചില്ല എന്നതാണ് ഗുരുതര വീഴ്ചക്ക് കാരണം. ആദ്യ പന്തിൽ മാർഷ് സിംഗിൾ എടുത്തു. രണ്ടാം പന്തിൽ ഡേവിഡ് വാർണറും ഒരു സിംഗിൾ എടുത്തു.
മാർഷ് നേരിട്ട മൂന്നാം പന്ത് ബൗണ്ടറി നേടിയപ്പോൾ നാലാമത്തെ പന്തിൽ ഇരുവരും ചേർന്ന് മൂന്ന് റൺസ് ഓടിയെടുത്തു. തുടർന്ന് വാർണർ ക്രീസിൽ എത്തിയപ്പോൾ അഞ്ചാമത്തെ പന്ത് താരം നഷ്ടപ്പെടുത്തി. അപ്പോൾ അമ്പയർ ഓവർ കഴിഞ്ഞെന്ന് അറിയിക്കുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയയെ വിറപ്പിച്ചാണ് അഫ്ഗാനിസ്ഥാൻ കീഴടങ്ങിയത്.
അഫ്ഗാനിസ്ഥാനെതിരെ നാല് റൺസിന്റെ വിജയമാണ് അഡ്ലെയ്ഡിൽ ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 164 റൺസിൽ അവസാനിച്ചു.