ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യൻ ടീമിനും ഒപ്പം നായകൻ വിരാട് കോഹ്ലിക്കും സമ്മാനിച്ചത് നിരാശയുടെ ഓർമ്മകൾ മാത്രം. ലോർഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക ജയത്തിന് പിന്നാലെ ലീഡ്സിൽ മറ്റൊരു നിർണായകമായ ജയം പ്രതീക്ഷിച്ചാണ് കോഹ്ലിയും ടീമും ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് എങ്കിലും വിധി കത്തിവെച്ചത് മറ്റൊരു നാണക്കേടിന്റെ റെക്കോർഡുകളാണ്. ഒന്നാം ദിനം 78 റൺസിൽ ഒതുങ്ങിയ ഇന്ത്യൻ ടീമിന് നാലാം ദിനം ലീഡ്സിൽ തോൽവിയും വഴങ്ങേണ്ടി വന്നു. മറ്റൊരു ഇന്നിങ്സ് തോൽവി തന്റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻസിയിൽ കോഹ്ലിക്ക് മറക്കുവാൻ കഴിയുന്ന ഒന്നല്ല. ടെസ്റ്റ്, ഏകദിന, ടി :20 ഫോർമാറ്റുകളിൽ ബാറ്റിങ് സ്ഥിരതയുടെ പര്യായയമായി മാറാറുള്ള കോഹ്ലിക്ക് ഈ പരമ്പരയും ക്ഷീണമാണ്. ലീഡ്സിലെയും ജയത്തിന് പിന്നാലെ പരമ്പരയിൽ 1-1ന് ഒപ്പമെത്തുവാൻ ഇംഗ്ലണ്ട് ടീമിനുമിപ്പോൾ കഴിഞ്ഞിട്ടുണ്ട്. ഐസിസി ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ ടെസ്റ്റ് പരമ്പര.
എന്നാൽ ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും ഭീഷണിയുമായി സ്‌ക്വാഡിൽ പുത്തൻ ചില താരങ്ങളെ ഉൾപ്പെടുത്തി ശേഷിക്കുന്ന രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ തയ്യാറാക്കുകയാണ് നായകൻ ജോ റൂട്ട്. നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനിൽ കളിക്കാൻ പേസർ മാർക്ക് വുഡും സ്വിങ്ങ് ബൗളർ ക്രിസ് വോക്സും പൂർണ്ണ ഫിറ്റ്നസ് നേടിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തെ രണ്ടാം ടെസ്റ്റിന് ശേഷം പരിക്ക് കാരണം സ്‌ക്വാഡിൽ നിന്നും പിന്മാറിയ മാർക്ക് വുഡ് നാലാം ടെസ്റ്റിന് മുന്നോടിയായി ഫിറ്റ്നസ് നേടി തിരികെവരുന്നത് റൂറ്റിനും ടീമിനും ഏറെ സന്തോഷം നൽകുന്നുണ്ട്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ട് ടീമിന്റെ പ്രധാന ബൗളർ കൂടിയായ ആൾറൗണ്ടർ ക്രിസ് വോക്സ് പരിക്കിൽ നിന്നും പൂർണ്ണമായ മുക്തി നേടിയെന്നാണ് സൂചനകൾ. താരം കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റ് പോലും പക്ഷേ കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചില കൗണ്ടി മത്സരങ്ങളിൽ അടക്കം മനോഹരമായി പന്തെറിഞ്ഞ താരത്തിന്റെ ഇംഗ്ലണ്ടിലെ റെക്കോർഡുകൾ ഇന്ത്യക്ക് ആശങ്കയാണ്
അതേസമയം ഇംഗ്ലണ്ട് ക്യാമ്പിൽ മറ്റൊരു വെല്ലുവിളിയായി മാറുന്നത് ആൾറൗണ്ടർ സാം കരണിന്റെ മോശം ഫോമാണ്.താരം ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശയാണ് സമ്മാനിക്കുന്നത്. ഇതോടെ താരത്തിന് പകരം ക്രിസ് വോക്സ് കളിക്കാനാണ് സാധ്യത. ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ നിന്നും പിന്മാറുവാൻ വിക്കറ്റ് കീപ്പറായ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ ഇപ്പോൾ ആഗ്രഹിക്കുന്നതായി ചില ഇംഗ്ലീഷ് മാധ്യമങ്ങൾ അടക്കം റിപ്പോർട്ടുകൾ ചെയ്യുന്നുണ്ട്. ഭാര്യയുടെ പ്രസവവുമായി ബന്ധപെട്ടാണ് താരത്തിന്റെ പിന്മാറ്റം. ശേഷിക്കുന്ന ഐപിൽ മത്സരങ്ങളിൽ താരം കളിക്കില്ല എന്നും മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു