2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മികച്ച തുടക്കം തന്നെയാണ് മലയാളി താരം സഞ്ജു സാംസണ് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ ഒരു മിന്നും ബാറ്റിംഗ് തന്നെയായിരുന്നു സഞ്ജു കാഴ്ചവെച്ചത്. മത്സരത്തിൽ 32 പന്തുകൾ നേരിട്ട സഞ്ജു 55 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളുമാണ് സഞ്ജുവിന്റെ സംഭാവന. ഈ തുടക്കം സഞ്ജു 2023 ഐപിഎല്ലിൽ ഇനിയും ആവർത്തിക്കേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ ബാറ്റർ മനോജ് തിവാരി പറയുന്നത്. ഈ സീസണിൽ 600 റൺസെങ്കിലും നേടിയാൽ മാത്രമേ സഞ്ജുവിന് തിരികെ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുകയുള്ളൂ എന്നും തിവാരി പറയുന്നു.
ഐപിഎല്ലിന് ശേഷം ഒരുപാട് ടൂർണമെന്റുകൾ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തിൽ സഞ്ജു ഇവിടെയാണ് കഴിവ് തെളിയിക്കേണ്ടത് എന്ന് തിവാരി പറയുന്നു. “സഞ്ജു തീർച്ചയായും 600ന് മുകളിൽ റൺസെങ്കിലും ഈ ഐപിഎല്ലിൽ രാജസ്ഥാൻ ടീമിനായി നേടേണ്ടതുണ്ട്. കാരണം ഐപിഎല്ലിന് ശേഷം ഒരുപാട് ടൂർണമെന്റുകൾ ഒന്നും നിലവിലില്ല. അതിനാൽതന്നെ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുമോ ഇല്ലയോ എന്ന സംശയം നിലനിൽക്കുകയാണ്. സഞ്ജുവിന്റെ മുൻപിലുള്ളത് ഈ 14 മത്സരങ്ങൾ മാത്രമാണ്. എന്നാൽ രാജസ്ഥാൻ റോയൽസ് പ്ലെയോഫിലേക്ക് യോഗ്യത നേടുകയാണെങ്കിൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കും.”- മനോജ് തിവാരി പറയുന്നു.
“ഈ ഐപിഎല്ലിൽ സഞ്ജു ദീർഘകാല ലക്ഷ്യത്തോടെയാവണം കളിക്കേണ്ടത്. ഓരോ മത്സരവും പ്രത്യേകം സഞ്ജു പരിഗണിക്കാൻ തയ്യാറാകണം. സഞ്ജുവും ഞാനും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. ഈ സാഹചര്യത്തിലൂടെ ഞാനും മുൻപ് കടന്നു പോയിട്ടുണ്ട്. സഞ്ജുവിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് അറിയാൻ സാധിക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ കേവലം 7 ഏകദിനങ്ങളിലും ഒരു ട്വന്റി20യും മാത്രമാണ് എനിക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്.”- മനോജ് തിവാരി പറയുന്നു.
റൺസ് നേടിയിട്ടും ഇന്ത്യയുടെ ടീമിൽ സ്ഥാനം ലഭിക്കാതെ വരുന്നത് കളിക്കാരെ കൂടുതൽ നിരാശപ്പെടുത്തുന്നുണ്ട് എന്നാണ് മനോജ് തിവാരി പറയുന്നത്. മാത്രമല്ല തനിക്ക് പകരം ടീമിൽ കളിക്കുന്നയാൾ മോശം പ്രകടനം പുറത്തെടുത്താൽ കൂടുതൽ മോശം മാനസികാവസ്ഥയുണ്ടാകാനും സാധ്യതയുണ്ടെന്ന് തിവാരി കൂട്ടിച്ചേർക്കുന്നു. എന്തായാലും 2023ൽ ലഭിച്ച മികച്ച തുടക്കം സഞ്ജു സാംസൺ മുതലാക്കും എന്ന് പ്രതീക്ഷയിലാണ് ആരാധകർ.