ക്രിക്കറ്റ് കളത്തിലെ ഏറ്റവും ബുദ്ധിശാലിയായ താരങ്ങളില്‍ ഒരാളാണ് മഹേന്ദ്ര സിങ്ങ് ധോണി. സീസണില്‍ ഇത്തവണ ക്യാപ്റ്റനല്ലെങ്കിലും ഫീല്‍ഡിങ്ങ് പ്ലേസ്മെന്‍റില്ലെല്ലാം ധോണി കാര്യമായി ഇടപെടാറുണ്ട്. ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യമായി വിജയം കണ്ടു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 23 റണ്‍സിന്‍റെ വിജയമാണ് നേടിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിനു പവര്‍പ്ലേയില്‍ 3 വിക്കറ്റ് നഷ്ടമായി. ബാംഗ്ലൂരിന്‍റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ വീരാട് കോഹ്ലിയുടെ വിക്കറ്റ് വീണതിനു പിന്നില്‍ ധോണിയുടെ കൂര്‍മ്മ ബുദ്ധിയായിരുന്നു. മഹേന്ദ്ര സിങ്ങ് ധോണിയുടെ ഫീല്‍ഡിങ്ങ് പ്ലേസ്മെന്‍റാണ് വീരാട് കോഹ്ലിയുടെ വിക്കറ്റ് ലഭിക്കാന്‍ കാരണമായത്.
മുകേഷ് ചൗധരിയുടെ പന്തില്‍ സ്ട്രൈക്കില്‍ വീരാട് കോഹ്ലി എത്തിയതോടെ ഡീപ് സ്ക്വയര്‍ ലെഗിലേക്ക് ഫീല്‍ഡറെ നിര്‍ത്തി. മുകേഷ് ചൗധരി പ്ലാന്‍ ചെയ്തപോലെ എറിഞ്ഞതോടെ ശിവം ഡൂംബയുടെ കയ്യിലേക്ക് വീരാട് കോഹ്ലി ഫ്ലിക്ക് ചെയ്ത പന്ത് അനായാസം കൈകളില്‍ എത്തി. 3 പന്തില്‍ 1 റണ്‍ മാത്രമാണ് വീരാട് കോഹ്ലി നേടിയത്.
മത്സരത്തിൽ ചെന്നൈ ഉയർത്തിയ 217 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തീക്ഷ്ണ നാലോവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റും രവീന്ദ്ര ജഡേജ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.