ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് വിജയം.ഡൽഹിക്കെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് ലക്നൗ സൂപ്പർ ജെയന്റ്സ് നേടിയത്. കയ്ൽ മേയേഴ്‌സിന്റെ തകർപ്പൻ ബാറ്റിംഗും മാർക്ക് വുഡിന്റെ അവിസ്മരണീയമായ ബോളിഗുമാണ് ലക്നൗവിനെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. 2022ൽ പ്ലേ ഓഫിലെത്തിയ ലക്നൗ, 2023ലെ ആദ്യ മത്സരത്തിൽ തന്നെ തങ്ങളുടെ ശക്തി പുറത്തെടുത്തിരിക്കുകയാണ്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലക്നൗവിലെ പിച്ച് ആദ്യസമയത്ത് പൂർണ്ണമായും ബോളിങ്ങിനെ അനുകൂലിക്കുന്നതായിരുന്നു കാണാൻ സാധിച്ചത്. ആദ്യ ഓവറുകളിൽ ലക്നൗ ബാറ്റർമാർ നട്ടം തിരിഞ്ഞു. മാത്രമല്ല നായകൻ കെഎൽ രാഹുലിന്റെ(8) വിക്കറ്റ് തുടക്കത്തിൽ തന്നെ ലക്നൗവിന് നഷ്ടമായി. എന്നാൽ മറ്റൊരു ഓപ്പണറായ കൈൽ മേയെഴ്സ് പതിയെ തന്റെ താണ്ഡവം ആരംഭിക്കുകയായിരുന്നു. മത്സരത്തിൽ 38 പന്തുകൾ നേരിട്ട മെയേഴ്സ് 73 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ രണ്ടു ബൗണ്ടറികളും 7 സിക്സറുകളുമാണ് ഉൾപ്പെട്ടത്. മേയേഴ്സിനു ശേഷമെത്തിയ നിക്കോളാസ് പൂരൻ 21 പന്തുകളിൽ 36 റൺസ് നേടി. അവസാന ഓവറുകളിൽ ആയുഷ് ബദോനി(18) തകർപ്പൻ ഫിനിഷിംഗ് കാഴ്ചവച്ചതോടെ ലക്നൗ 193 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ സ്കോറിങ് ഉയർത്താൻ നട്ടംതിരിയുന്ന ഡൽഹി നിരയേയാണ് കാണാൻ സാധിച്ചത്. 9 പന്തുകളില്‍ 12 റൺസ് നേടിയ ഓപ്പണർ പൃഥ്വി ഷായെ മാർക്ക് വുഡ് തുടക്കത്തിലെ വീഴ്ത്തി. തൊട്ടടുത്ത പന്തിൽ തന്നെ അപകടകാരിയായി മിച്ചൻ മാഷിനെയും(0) കൂടാരം കയറ്റാൻ മാർക്ക് വുഡിന് സാധിച്ചു. പിന്നീട് ഡൽഹി പൂർണ്ണമായും തകരുന്നതാണ് കണ്ടത്. ഡേവിഡ് വാർണർ(56)ഒരുവശത്ത് ഉറച്ചുനിന്നെങ്കിലും നിർണായകമായ സമയത്ത് സ്കോർ ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് ഡല്‍ഹി നേടിയത്.
മാർക്ക് വുഡ് മത്സരത്തിൽ നിശ്ചിത നാലോവറുകളിൽ 14 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ സ്വന്തമാക്കി. മത്സരത്തിൽ 50 റൺസിനാണ് ലക്നൗ വിജയം കണ്ടത്.
ഡൽഹിയെ സംബന്ധിച്ച് ഒരുപാട് ആശങ്കകൾ ഉണർത്തുന്ന പരാജയമാണ് ലക്നൗവിനെതിരെ ഉണ്ടായിരിക്കുന്നത്. അവസാന ഓവർ ബോളിംഗിൽ ഡൽഹിയുടെ പോരായ്മകൾ മത്സരത്തിൽ എടുത്തു കാണാമായിരുന്നു. മാത്രമല്ല ബാറ്റിഗിൽ മധ്യനിരയിലെ പ്രശ്നങ്ങളും ഡൽഹിയ്ക്കുണ്ട്. വരും മത്സരങ്ങളിൽ ഈ പിഴവ് നികത്തി ഡൽഹി തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.