എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബർ ആസം

naseem

പാകിസ്ഥാനെ സംബന്ധിച്ച് ഒരു അവിശ്വസനീയ പരാജയം തന്നെയാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നേരിടേണ്ടിവന്നത്. വളരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു പാക്കിസ്ഥാൻ മത്സരത്തിൽ കാഴ്ചവെച്ചത്. ഹാരിസ് റോഫും മുഹമ്മദ് അമീറും പാക്കിസ്ഥാനായി മത്സരത്തിൽ 3 വിക്കറ്റ് വീതം സ്വന്തമാക്കുകയുണ്ടായി.

ഇങ്ങനെ ഇന്ത്യയെ 119 എന്ന ചെറിയ സ്കോറിലൊതുക്കാൻ പാക്കിസ്ഥാന് സാധിച്ചു. മറുപടി ബാറ്റിംഗിൽ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് പാക്കിസ്ഥാന് ലഭിച്ചത്. പക്ഷേ മധ്യ ഓവറുകളിൽ ഇന്ത്യൻ ബോളിങ്‌ നിര വീര്യം കാട്ടിയതോടെ പാക്കിസ്ഥാൻ തകർന്നു വീഴുകയായിരുന്നു. മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ് പാക്കിസ്ഥാൻ നേരിട്ടത്. മത്സരത്തിലെ പരാജയത്തെ പറ്റി പാക്കിസ്ഥാൻ നായകൻ ബാബർ ആസം സംസാരിക്കുകയുണ്ടായി.

പവർപ്ലേ ഓവറുകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതെ വരുന്നത് തങ്ങളുടെ പരാജയത്തിന് വലിയ കാരണമാവുന്നുണ്ട് എന്നാണ് ബാബർ ആസം പറഞ്ഞത്. മത്സരത്തിൽ നന്നായി ബോൾ ചെയ്യാൻ സാധിച്ചെങ്കിലും ബാറ്റിംഗിൽ തങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് ആസം പറയുകയുണ്ടായി.

മത്സരത്തിന്റെ പല സമയത്തും തങ്ങൾക്ക് ഒരുപാട് ഡോട്ട് ബോളുകൾ വഴങ്ങേണ്ടി വന്നു എന്ന് ആസം കൂട്ടിച്ചേർക്കുന്നു. തരക്കേടില്ലാത്ത പിച്ചായിരുന്നു ന്യൂയോർക്കിലെത് എന്നും ആസം പറഞ്ഞു. മത്സരത്തിലെ പിഴവുകൾ ചർച്ച ചെയ്ത് വലിയൊരു തിരിച്ചു വരവിനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് പറഞ്ഞാണ് ബാബർ അവസാനിപ്പിച്ചത്.

“മത്സരത്തിൽ നന്നായി ബോൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. പക്ഷേ ബാറ്റിംഗിൽ ഞങ്ങൾക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. മാത്രമല്ല ഒരുപാട് ഡോട്ട് ബോളുകളും ഉണ്ടായി. ഞങ്ങളുടെ തന്ത്രം വളരെ സിംപിളായിരുന്നു. സാധാരണ രീതിയിൽ കളിക്കുക എന്നതാണ് ഞങ്ങൾ ശ്രമിച്ചത്. കൂടുതലായി സ്ട്രൈക്ക് മാറുകയും അതിനിടെ ബൗണ്ടറികൾ കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ മത്സരത്തിന്റെ ഒരു സമയത്ത് ഞങ്ങൾക്ക് ഒരുപാട് ഡോട്ട് ബോളുകൾ വഴങ്ങേണ്ടിവന്നു. മാത്രമല്ല അവസാന ബാറ്റർമാരിൽ നിന്ന് നമുക്ക് യാതൊന്നും തന്നെ പ്രതീക്ഷിക്കാനും സാധിക്കില്ല.”- ബാബർ പറഞ്ഞു.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

“ബാറ്റിംഗിൽ ആദ്യ 6 ഓവറുകൾ പരമാവധി ഉപയോഗിക്കുക എന്ന മനസ്സായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. പക്ഷേ ആദ്യ വിക്കറ്റ് നഷ്ടമായതിന് ശേഷം പവർപ്ലെയിൽ ഞങ്ങൾക്ക് വേണ്ട രീതിയിൽ റൺസ് കണ്ടെത്താൻ സാധിച്ചില്ല. പിച്ച് അത്ര മോശമായി തോന്നിയില്ല. ബോൾ ആദ്യ സമയത്ത് ബാറ്റിലേക്ക് നന്നായി തന്നെ വരുന്നുണ്ടായിരുന്നു.”

‘എന്നാൽ ചില സമയത്ത് സ്ലോ ആയ പിച്ച് കാണാൻ സാധിച്ചു. ചില പന്തുകൾക്ക് കൂടുതലായി ബൗൺസ് ലഭിക്കുന്നുണ്ടായിരുന്നു. നിർണായകമായ മത്സരങ്ങളാണ് ഞങ്ങൾക്ക് ഇനിയുള്ളത്. അവസാന 2 മത്സരങ്ങളിൽ ഞങ്ങൾക്ക് വിജയം കണ്ടെത്തിയെ സാധിക്കൂ. അതിനാൽ തന്നെ തെറ്റുകൾ എന്തെന്ന് കൃത്യമായി ചർച്ച ചെയ്ത് മനസ്സിലാക്കി അടുത്ത 2 മത്സരങ്ങളിലേക്ക് പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”- ബാബർ ആസം കൂട്ടിച്ചേർത്തു.

Scroll to Top