ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ഫോമിനെ ചോദ്യം ചെയ്ത ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിങ്ങിനെതിരെ ഗൗതം ഗംഭീർ രംഗത്ത്. റിക്കി പോണ്ടിങ്ങിന്റെ പരാമർശങ്ങൾക്കെതിരെ കനത്ത ഭാഷയിൽ തന്നെയാണ് ഗംഭീർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിൽ പോണ്ടിങ്ങിന് ഒന്നും തന്നെ ചെയ്യാനില്ല എന്നാണ് ഗംഭീർ പറഞ്ഞത്. അതുകൊണ്ടു തന്നെ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ മാത്രം പോണ്ടിംഗ് ശ്രദ്ധിച്ചാൽ മതി എന്ന് ഗംഭീർ തുറന്നടിക്കുകയുണ്ടായി. ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യം തുറന്നു പറഞ്ഞത്.
“പോണ്ടിങ്ങിന് ഇന്ത്യൻ ക്രിക്കറ്റിൽ എന്ത് കാര്യമാണ് ചെയ്യാനുള്ളത്? ഇന്ത്യൻ ബാറ്റർമാരുടെ ഫോമിൽ പോണ്ടിംഗ് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ ഇപ്പോൾ അദ്ദേഹം ചെയ്യേണ്ടത് ഓസ്ട്രേലിയൻ ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കുകയാണ്. അതാണ് എനിക്ക് തോന്നുന്നത്. വിരാട് കോഹ്ലിയും രോഹിതും ഞങ്ങളെ സംബന്ധിച്ച് അസാമാന്യ പ്രതിഭകൾ തന്നെയാണ്. ഇതിനോടൊപ്പം തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഇനിയും അവർ അത്തരത്തിൽ പ്രകടനങ്ങൾ കാഴ്ചവെക്കും. അതിനായുള്ള കഠിനപ്രയത്നത്തിലാണ് ഇരു താരങ്ങളും. ഒരിക്കലും തീരാത്ത അഭിനിവേശമാണ് അവർക്ക് ക്രിക്കറ്റിനോടുള്ളത്. കഴിഞ്ഞ പരമ്പര നഷ്ടമായെങ്കിലും ആത്മാർത്ഥമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഇരുവരും.”- ഗംഭീർ പറഞ്ഞു.
മുൻപ് വിരാട് കോഹ്ലിയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു പോണ്ടിംഗ് പ്രകടിപ്പിച്ചത്. കോഹ്ലിയുടെ മോശം ഫോമിനെ വളരെയധികം കഠിനമായി പോണ്ടിംഗ് വിമർശിക്കുകയുണ്ടായി. “സമീപകാലത്തെ കോഹ്ലിയുടെ പ്രകടനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ കേവലം 3 സെഞ്ച്വറികൾ മാത്രമാണ് വിരാട് കോഹ്ലിക്ക് നേടാൻ സാധിച്ചത്. ഈ കണക്ക് ശരിയാണെങ്കിൽ അതൊരു വലിയ ആശങ്കയാണ്. ഇത്രയും മോശം ബാറ്റിംഗ് പ്രകടനം ടോപ്പ് ഓർഡറിൽ കാഴ്ച വച്ചിട്ടുള്ള ബാറ്റർ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതായി എനിക്കറിയില്ല.”- പോണ്ടിംഗ് പറയുകയുണ്ടായി.
ന്യൂസിലാൻഡിനെതിരെ ഇന്ത്യക്കേറ്റ കനത്ത പരാജയത്തിന് ശേഷമാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ശക്തമായത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ വലിയ തിരിച്ചുവരവിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് വലിയ വിജയം തന്നെ പരമ്പരയിൽ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ താരങ്ങളൊക്കെയും അങ്ങേയറ്റം തയ്യാറെടുപ്പിലാണ്. നവംബർ 22നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ പരമ്പര ആരംഭിക്കുന്നത്.