ലെജൻഡ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഏഷ്യ ലയൺസ്. മത്സരത്തിൽ 9 റൺസിനാണ് ഏഷ്യ ലയൺസ് വിജയം കണ്ടത്. ബാറ്റർ മിസ്ബ ഉൾ ഹക്കിന്റെ തകർപ്പൻ പ്രകടനമാണ് ഏഷ്യ ലയൻസിനെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. എന്തായാലും വളരെ പോസിറ്റീവായ ഒരു തുടക്കം തന്നെയാണ് ഏഷ്യ ലയൺസ് ടീമിന് ലഭിച്ചിരിക്കുന്നത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഏഷ്യ ലയൺസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മികച്ച തുടക്കമായിരുന്നില്ല ഏഷ്യയ്ക്ക് ലഭിച്ചത്. ഞൊടിയിടയിൽ തന്നെ ദിൽഷന്റെയും(5) അഫ്ഗാന്റെയും(1) വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ നാലാം വിക്കറ്റിൽ ഏഷ്യയ്ക്കായി 106 റൺസിന്റെ കൂട്ടുകെട്ടാണ് തരംഗയും മിസ്ബായും ചേർന്ന് ഉണ്ടാക്കിയത്. 50 പന്തുകളിൽ 73 റൺസ് മത്സരത്തിൽ മിസ്ബാ നേടുകയുണ്ടായി. 39 പന്തുകളിൽ 40 റൺസ് ആയിരുന്നു തരംഗയുടെ സമ്പാദ്യം. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 165 റൺസാണ് ഏഷ്യ ലയൺസ് നേടിയത്.
മറുപടി ബാറ്റിങ്ങിൽ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പൺ റോബിൻ ഉത്തപ്പ പൂജ്യനായി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഗൗതം ഗംഭീറും മുരളി വിജയും ചേർന്ന് ഒരു മികച്ച കൂട്ടുകെട്ട് ഇന്ത്യൻ മഹാരാജാസിനായി സ്ഥാപിച്ചു. ഗംഭീർ മത്സരത്തിൽ 39 പന്തുകളിൽ 52 റൺസ് ആയിരുന്നു നേടിയത്. എന്നാൽ അവസാന ഓവറുകളിൽ മറ്റു ബാറ്റർമാർ തിളങ്ങാതിരുന്നത് ഇന്ത്യ മഹാരാജാസിന് തിരിച്ചടിയായി. മത്സരത്തിൽ 9 റൺസുകൾക്കാണ് ഇന്ത്യൻ മഹാരാജാസ് പരാജയം ഏറ്റുവാങ്ങിയത്.
എന്നിരുന്നാലും ആദ്യമത്സരത്തിൽ തന്നെ ഒരുപാട് പോസിറ്റീവുകൾ ഇന്ത്യ മഹാരാജസ് ടീമിന് എടുത്തു പറയാനുണ്ട്. തങ്ങളുടെ പിഴവുകൾ തിരുത്തി അടുത്ത മത്സരത്തിൽ ഇന്ത്യ തിരിച്ചെത്തും എന്നതാണ് പ്രതീക്ഷിക്കുന്നത്. ലജൻസ് ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് വേൾഡ് ജയന്റ്സിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം.