തകര്‍പ്പന്‍ ഫിനിഷിങ്ങുമായി ലിയാം ലിവിങ്ങ്സ്റ്റണ്‍. ഷാമിക്കെതിരെ നേടിയത് ടൂര്‍ണമെന്‍റിലെ ഏറ്റവും വലിയ സിക്സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയവുമായി പഞ്ചാബ് കിംഗ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 143 റണ്‍സാണ് നേടിയത്. റബാഡ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സായി സുദര്‍ശന്‍റെ (50 പന്തില്‍ 65) പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. വിജയലക്ഷ്യം പിന്നിട്ടു ഇറങ്ങിയ പഞ്ചാബ് 16 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

ചേസ് ചെയ്ത പഞ്ചാബിനായി ബെയര്‍സ്റ്റോയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ശിഖാര്‍ ധവാനും (53 പന്തില്‍ 62) ബനുക രാജപക്സെ (28 പന്തില്‍ 40) എന്നിവര്‍ ടീമിനെ മുന്നോട്ട് നയിച്ച്. അവസാനം ലിയാം ലിവിങ്ങ്സ്റ്റണിന്‍റെ വെടിക്കെട്ട് പ്രകടനത്തോടെയാണ് മത്സരം പഞ്ചാബ് വിജയിച്ചത്.

20220503 233252

10 പന്തില്‍ 2 ഫോറും 3 സിക്സും അടക്കം 30 റണ്ണാണ് താരം നേടിയത്. മുഹമ്മദ് ഷാമി എറിഞ്ഞ 16ാം ഓവറില്‍ 28 റണ്‍സാണ് ലിവിങ്ങ്സ്റ്റണ്‍ അടിച്ചെടുത്തത്. ആദ്യ സിക്സ് തന്നെ 117 മീറ്റര്‍ സിക്സ് പായിച്ച്, ഹാട്രിക്ക് സിക്സ് അടിച്ചാണ് ഷാമിയെ വരവേറ്റത്. അവസാനം ഫോറിലൂടെ മത്സരം ഫിനിഷ് ചെയ്തു. ഈ സീസണിലെ ഏറ്റവും വലിയ സിക്സാണ് ഇംഗ്ലണ്ട് താരം അടിച്ചത്

വിജയത്തോടെ 10 പോയിന്‍റുമായി പഞ്ചാബ് അഞ്ചാമതാണ്. ശനിയാഴ്ച്ച രാജസ്ഥാനെതിരെയാണ് പഞ്ചാബിന്‍റെ അടുത്ത മത്സരം.