ബംഗ്ലാദേശിനെതിരായ ആവേശ മത്സരത്തിൽ 8 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് അഫ്ഗാനിസ്ഥാൻ 2024 ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ഒരു ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം കണ്ടെത്തുന്നത്.
ഈ സാഹചര്യത്തിൽ തന്റെ സന്തോഷം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാൻ. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് താൻ നൽകിയ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത് എന്ന് റാഷിദ് ഖാൻ പറയുകയുണ്ടായി. മാത്രമല്ല തന്റെ ടീമിന്റെ പ്രകടനത്തിൽ അങ്ങേയറ്റം അഭിമാനം തോന്നുന്നതായും റാഷിദ് കൂട്ടിച്ചേർത്തു. തുടർന്നുള്ള മത്സരങ്ങളിലും ഇത്തരത്തിലുള്ള മികച്ച പ്രകടനം നടത്താനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് റാഷിദ് പറഞ്ഞു.
“ടീം സെമിഫൈനലിൽ എത്തിയത് ഞങ്ങളെ സംബന്ധിച്ച് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഈ ടൂർണമെന്റിൽ മികച്ച തുടക്കമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയതോടെയാണ് ഞങ്ങളിൽ ആത്മവിശ്വാസം എത്തിയത്. ഇതൊരു അവിശ്വസനീയ മുഹൂർത്തമാണ്. എന്റെ വികാരം എനിക്ക് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. ഞങ്ങളുടെ നാട്ടിലുള്ളവരും വലിയ രീതിയിൽ സന്തോഷത്തിൽ ആയിരിക്കും. ഞങ്ങൾ സെമിഫൈനലിൽ എത്തുമെന്ന് പ്രവചിച്ച ഒരേയൊരു മുൻ താരം ലാറ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം ശരിയായിരുന്നു എന്ന് ഞങ്ങൾക്ക് തെളിയിക്കാൻ സാധിച്ചു.”- റാഷിദ് പറഞ്ഞു.
“ടൂർണമെന്റിന് മുൻപ് ഇവിടെ ഒരു സ്വാഗത പാർട്ടി നടന്നിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് ഇക്കാര്യം സംസാരിച്ചിരുന്നു. ‘ഒരിക്കലും താങ്കളുടെ പ്രവചനം ഞങ്ങൾ തെറ്റിക്കില്ല. ഞങ്ങൾ സെമിയിൽ എത്തുകയും, താങ്കൾ ശരിയായിരുന്നു എന്ന് തെളിയിക്കുകയും ചെയ്യും’. ഇങ്ങനെയാണ് അന്ന് ഞാൻ ലാറയോട് പറഞ്ഞത്. എന്റെ ടീമിന്റെ പ്രകടനത്തിൽ എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്. ഈ വിക്കറ്റിൽ 130-135 സ്കോർ ഒക്കെയും വളരെ മികച്ചതാണ് എന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ ഞങ്ങൾ 15-20 റൺസ് കുറവാണ് ഇവിടെ നേടിയത്. പിന്നീട് ഞങ്ങൾക്ക് തുണയായത് ഞങ്ങളുടെ മനോഭാവം തന്നെയാണ്. 12 ഓവറിൽ ബംഗ്ലാദേശിന് മത്സരത്തിൽ വിജയം സ്വന്തമാക്കണമെന്നതിനാൽ, അവർ ഞങ്ങൾക്കെതിരെ കഠിനമായ ഷോട്ടുകൾ കളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതാണ് ഞങ്ങൾ മുതലാക്കിയത്.”- റാഷിദ് കൂട്ടിച്ചേർത്തു.
“കൃത്യമായി സ്റ്റമ്പിന് നേർക്ക് തന്നെ പന്തറിയാനാണ് ഞങ്ങൾ ശ്രദ്ധിച്ചത്. അങ്ങനെ വരുമ്പോൾ ഞങ്ങൾക്ക് വിക്കറ്റുകൾ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. അധികമായി ഒന്നുംതന്നെ ഞങ്ങൾ ശ്രമിച്ചില്ല. ഞങ്ങളുടെ തന്ത്രങ്ങളിൽ കൃത്യമായി ഉറച്ചു നിൽക്കുക എന്നതാണ് ഞങ്ങൾ ചെയ്തത്. ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളൊക്കെയും ഞങ്ങൾ മത്സരത്തിൽ ചെയ്തു. മഴ, ഫലം എന്നിവ നമ്മുടെ കൈകളിലല്ല. പക്ഷേ 100% പ്രകടനം കാഴ്ചവയ്ക്കുക എന്നത് നമ്മുടെ മാത്രം കയ്യിലാണ്. എല്ലാവരും മനോഹരമായ രീതിയിൽ അത് പ്രാവർത്തികമാക്കി. ട്വന്റി20 ക്രിക്കറ്റിൽ ബോളിങ്ങിൽ കൃത്യമായ ഒരു ബേസ് ഞങ്ങൾക്കുണ്ട്. ഒരുപാട് കഴിവുള്ള പേസ് ബോളർമാർ ഞങ്ങളുടെ നിരയിലുണ്ട്. ഇതൊക്കെയും ഞങ്ങളെ മത്സരത്തിൽ സഹായിച്ചിട്ടുണ്ട്.”- റാഷിദ് പറഞ്ഞു വയ്ക്കുന്നു.