2023 ഐപിഎല്ലിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ അവസാന സീസണാവും ഐപിഎൽ 2023. അതിനാൽ തന്നെ തങ്ങളുടെ നായകനായി, ഏത് വിധേനയും ചാമ്പ്യന്മാരായി മാറാനാണ് ചെന്നൈയുടെ ശ്രമം. എന്നാൽ മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഒരു വമ്പൻ തിരിച്ചടിയാണ് ഇപ്പോൾ ചെന്നൈക്ക് കിട്ടിയിരിക്കുന്നത്. ചെന്നൈയുടെ സ്റ്റാർ പേസർ കൈൽ ജാമിസൺ പരിക്ക് മൂലം ഐപിഎല്ലിന്റെ ഈ സീസണിൽ കളിക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ന്യൂസിലാന്റിന്റെ പേസറായ കൈൽ ജാമിസണ് മുമ്പ് ഇഞ്ചുറി സംഭവിച്ചിരുന്നു. ഇക്കാരണത്താൽ കഴിഞ്ഞ 9 മാസങ്ങളിൽ ജാമിസൺ ന്യൂസിലാൻഡ് ടീമിനായി കളിച്ചിരുന്നില്ല. നിലവിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ജാമിസൺ തിരിച്ചെത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ പരിക്കു പൂർണ്ണമായും ഭേദമാകാത്ത സാഹചര്യത്തിൽ സർജറിക്ക് തയ്യാറാവുകയാണ് ഈ പേസർ. ഇക്കാരണങ്ങൾ കൊണ്ട് തന്നെ മാർച്ച് 31ന് ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎല്ലിൽ ജാമിസൺ കളിക്കില്ല.
ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ് ജാമിസന്റെ അഭാവം ഉണ്ടാക്കിയിരിക്കുന്നത്. 2023ലെ ഐപിഎൽ ലേലത്തിൽ ഒരുകോടി രൂപയ്ക്ക് ആയിരുന്നു ചെന്നൈ ഈ സൂപ്പർ ബോളറെ വാങ്ങിയിരുന്നത്. 2021ൽ ആയിരുന്നു ജാമിസൺ ഐപിഎല്ലിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ഐപിഎല്ലിൽ 9 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകൾ ജാമിസൺ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണുകളിൽ ചെന്നൈയെ ഏറ്റവുമധികം അലട്ടിയിരുന്നത് പേസ് ബോളിങ്ങിലെ നിലവാരക്കുറവ് തന്നെയായിരുന്നു. അതിനാലാണ് ചെന്നൈ ഇത്തവണ ജാമിസണെ സ്വന്തമാക്കിയത്. പക്ഷേ ജാമിസന്റെ ഈ പരിക്ക് ചെന്നൈ ക്യാമ്പിൽ നിരാശ ഉണ്ടാക്കിയിരിക്കുകയാണ്. എന്നിരുന്നാലും സർജറിക്ക് ശേഷം ജാമിസൺ ഉടൻതന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷ.