ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അടിക്ക് തിരിച്ചടിയുമായി ശ്രീലങ്കൻ താരം കുശാൽ മെൻഡീസ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 428 എന്ന പടുകൂറ്റൻ സ്കോറിലെത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി മെൻഡീസ് അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ആക്രമണോത്സുക രീതിയിൽ കളിച്ച മെൻഡിസ് 76 റൺസ് ഇന്നിംഗ്സിൽ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കൻ ബോളർമാരായ മാർക്കോ യാൻസൺ, ലുങ്കി എങ്കിഡി എന്നിവരാണ് കൂടുതലായി മെൻഡീസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.
മത്സരത്തിൽ മൂന്നാമനായിയായിരുന്നു കുശാൽ മെൻഡീസ് ക്രീസിലേത്തിയത്. 429 എന്ന വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച് മെൻഡീസ് ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്നതാണ് കണ്ടത്. ഒരുവശത്ത് ബാറ്റർമാർ ബുദ്ധിമുട്ടിയപ്പോൾ മറുവശത്ത് മെഡിസിന്റെ വക സംഹാരമായിരുന്നു ഡൽഹി സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്.
ലെഗ് സൈഡ് ഫ്ലിക്കുകളിലൂടെ അനായാസം സിക്സർ പറത്തിയും, ക്ലാസിക് ഷോട്ടുകൾ കളിച്ച് ബൗണ്ടറികൾ നേടിയും മെൻഡീസ് ദക്ഷിണാഫ്രിക്കൻ ബോളർമാർക്കുമേൽ നിറഞ്ഞാടി. പവർപ്ലേ ഓവറുകളിൽ തന്നെ സിക്സർ മഴ പെയ്യിച്ചാണ് മെൻഡീസ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. കേവലം 25 പന്തുകളിൽ നിന്നായിരുന്നു മെൻഡീസ് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഈ സമയത്ത് തന്നെ മെൻഡീസ് 6 സിക്സറുകളും 3 ബൗണ്ടറികളും നേടിയിരുന്നു.
ഇതിന് ശേഷവും മെൻഡീസ് തന്റെ സംഹാരതാണ്ഡവം തുടർന്നു. എന്നാൽ മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിന്റെ പതിമൂന്നാം ഓവറിൽ റബാഡയുടെ പന്തിൽ കുശാൽ മെൻഡിസ് പുറത്താക്കുകയായിരുന്നു. മത്സരത്തിൽ 42 പന്തുകൾ നേരിട്ട് 76 റൺസാണ് മെൻഡിസ് നേടിയത്. 4 ബൗണ്ടറികളും 8 പടുകൂറ്റൻ സിക്സറുകളും മെൻഡിസിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. 180 സ്ട്രൈക്ക് റേറ്റിലാണ് മെൻഡിസ് ഈ തകർപ്പൻ പ്രകടനം കാഴ്ച വച്ചത്. മെൻഡിസ് പുറത്തായതോടെ ശ്രീലങ്ക മത്സരത്തിൽ കൂടുതൽ സമ്മർദ്ദത്തിലാവുകയും ചെയ്തു
മുൻപ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു മുൻനിര കാഴ്ചവെച്ചത്. ഓപ്പണർ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 84 പന്തുകളിൽ 100 റൺസ് സ്വന്തമാക്കി. വാൻ ഡർ ഡെസൻ 110 പന്തുകളിൽ 108 റൺസ് നേടി.
അതിനൊപ്പം എയ്ഡൻ മാക്രത്തിന്റെ അതിവേഗ സെഞ്ചുറി കൂടിയായതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ റെക്കോർഡ് സ്കോർ സ്വന്തമാക്കുകയായിരുന്നു. 54 പന്തുകളിൽ നിന്ന് 106 റൺസാണ് മാക്രം നേടിയത്. ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറുകളിൽ 428 റൺസാണ് വാരിക്കൂട്ടിയത്. 2023 ലോകകപ്പിൽ ഒരു തകർപ്പൻ തുടക്കം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്.