ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ പൂർണമായ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡ് ടീമിനെ 4 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും ഇന്ത്യൻ ടീം പരാജയം നേരിട്ടില്ല. ഇതിന് പ്രധാന കാരണം ടീമിന്റെ കൂട്ടായ പ്രകടനം തന്നെയായിരുന്നു.
എന്നാൽ ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും ദുബായിൽ വച്ച് നടന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുകയുണ്ടായി. ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം. പാകിസ്ഥാൻ മണ്ണിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിച്ചിരുന്നുവെങ്കിലും അവർ കിരീടം സ്വന്തമാക്കിയേനെ എന്നാണ് അക്രം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ലോകത്ത് എവിടെ വച്ച് മത്സരങ്ങൾ നടന്നാലും ഈ ഇന്ത്യൻ ടീം വിജയിക്കുമായിരുന്നു എന്നാണ് അക്രമിന്റെ പക്ഷം. “ദുബായ് മൈതാനത്ത് വച്ച് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നതിനെപ്പറ്റി ഇതിനോടകം തന്നെ ഒരുപാട് ചർച്ചകൾ പുറത്തുവന്നിരുന്നു. പക്ഷേ പാക്കിസ്ഥാൻ മണ്ണിൽ അവർ കളിച്ചിരുന്നുവെങ്കിലും അവിടെയും വിജയം സ്വന്തമാക്കിയേനെ.”- വസിം അക്രം പറയുന്നു. സമീപകാലത്ത് ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങൾ എടുത്തു ചൂണ്ടിയായിരുന്നു അക്രം സംസാരിച്ചത്. ശക്തമായ തീരുമാനങ്ങളാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാനമായി മാറിയത് എന്ന് അക്രം പറയുകയുണ്ടായി.
“ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിൽ വിജയം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലും ഒരു മത്സരത്തിൽ പോലും ഇന്ത്യ പരാജയം നേരിട്ടില്ല. ഇത് കാട്ടുന്നത് ഇന്ത്യ എത്രമാത്രം ശക്തമായ ടീമാണ് എന്ന് തന്നെയാണ്.”- അക്രം കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ മൂന്നാം കിരീടം ആയിരുന്നു ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. തുടർച്ചയായ രണ്ട് ഐസിസി കിരീടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും ഇതോടെ സാധിച്ചു. വിവേകമുള്ള തീരുമാനങ്ങളാണ് ഇത്തരമൊരു വിജയത്തിന് കാരണം എന്നാണ് അക്രത്തിന്റെ വിലയിരുത്തൽ.
“ഇന്ത്യ ന്യൂസിലാൻഡിനെ തിരെ തങ്ങളുടെ നാട്ടിൽ 3-0 എന്ന നിലയിൽ ടെസ്റ്റ് പരമ്പരയിൽ പരാജയം നേരിട്ടിരുന്നു. ശേഷം ബോർഡർ- ഗവാസ്കർ ട്രോഫിയിലും ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടിവന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും ഇതായിരുന്നു ഫലം. ആ സമയത്ത് ഇന്ത്യയ്ക്ക് തങ്ങളുടെ ക്യാപ്റ്റനെയും കോച്ചിനെയും മാറ്റണമെന്ന രീതിയിൽ സമ്മർദ്ദമുണ്ടായി. പക്ഷേ അവർ വിവേകത്തോടെ പ്രവർത്തിക്കുകയാണ് ഉണ്ടായത്. ഇതാണ് ഞങ്ങളുടെ കോച്ച് ഒന്നും, ഇതാണ് നായകൻ എന്നും എല്ലാവരെയും മനസ്സിലാക്കി. ബിസിസിഐയും അവർക്ക് ആവശ്യമായ പിന്തുണ നൽകി. അതുകൊണ്ടാണ് ഇപ്പോൾ അവർ ചാമ്പ്യന്മാരുടെ ചാമ്പ്യനായി മാറിയത്.”- അക്രം പറഞ്ഞുവെക്കുന്നു.