നാളെയാണ് ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ 20-20 പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ട്വൻ്റി ട്വൻ്റി ടീമിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ടീമിൽ ഉണ്ടായിരുന്ന താരത്തിന് ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ഹർദിക് പാണ്ഡ്യ നയിക്കുന്ന പരമ്പരയിൽ ലഭിക്കുന്ന അവസരം മികച്ച രീതിയിൽ മുതലാക്കാൻ തന്നെയായിരിക്കും സഞ്ജു ശ്രമിക്കുക. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി രണ്ട് ഫോർമാറ്റുകളിലും വളരെ ചുരുക്കം ചില അവസരങ്ങൾ മാത്രമാണ് സഞ്ജുവിന് ലഭിച്ചിട്ടുള്ളത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു. കഴിഞ്ഞ സീസണിൽ മൂന്നാം നമ്പറിൽ ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത താരം ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു. രാജസ്ഥാന്റെ മുഖ്യ പരിശീലകനായ കുമാർ സംഗക്കാര വിശ്വസിക്കുന്നത് ബാറ്റിംഗിൽ നാലാം സ്ഥാനത്ത് സഞ്ജു അനുയോജ്യനാണ് എന്നാണ്. ആദ്യ ഏഴ് ഓവറുകൾ കഴിഞ്ഞതിനു ശേഷം നാലാം നമ്പറിൽ 20-20 ക്രിക്കറ്റിൽ സഞ്ജു അനുയോജ്യനാണ് എന്നാണ് ശ്രീലങ്കൻ ഇതിഹാസം പറയുന്നത്.
“അവന് എല്ലാ സ്ഥാനത്തും ബാറ്റ് ചെയ്യാൻ സാധിക്കും. അവന് ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോൾ അവൻ്റെ ബാറ്റിംഗ് പൊസിഷനിൽ നിന്നും മാറി കളിക്കേണ്ടി വരുന്നു. അവന് സന്ദർഭത്തിനനുസരിച്ച് എങ്ങനെയാണ് കളിക്കേണ്ടത് എന്നറിയാം. അവനെ എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാൻ വിടാം. അവൻ നന്നായി കളിക്കും.പ്രതിസന്ധിഘട്ടങ്ങളില്‍ സെന്‍സിബിളായി കളിച്ച് ടീമിനെ കര കയറ്റാനും വേണ്ടപ്പോള്‍ ആക്രമിച്ചു കളിക്കാനും സഞ്ജുവിന് കഴിയും. ഏത് പൊസിഷനിലും സഞ്ജുവിനെ ഉപയോഗിക്കാനാവുമെന്നതാണ് ഏറ്റവും വലിയ ഗുണമെന്നും സംഗ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു
ഇന്ത്യക്ക് വേണ്ടി 11 ഏകദിന മത്സരങ്ങളും 16 20-20 മത്സരങ്ങളും ആണ് സഞ്ജു കളിച്ചിട്ടുള്ളത്. വെറും പതിനൊന്ന് ഏകദിന മത്സരങ്ങളിൽ നിന്നും താരത്തിന്റെ ശരാശരി 66 ആണ്. ട്വന്റി-ട്വന്റി ഇന്ത്യൻ ടീമിൽ ഫിനിഷർ റോളിൽ കളിക്കുന്ന താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 135.15 ആണ്.