ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളടെ ടി20 പരമ്പരയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് അടിച്ചെടുത്തത്. ഹാര്‍ദ്ദിക്ക് പാണ്ട്യ (51) സൂര്യകുമാര്‍ യാദവ് (39) ദീപക്ക് ഹൂഡ (33) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി മൊയിന്‍ അലി, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
199 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലറിനെ ഇംഗ്ലണ്ടിനു നഷ്ടമായിരുന്നു. ആദ്യ നാലു പന്തുകള്‍ മറ്റൊരു ഓപ്പണറായ ജേസണ്‍ റോയിക്കെതിരെ എറിഞ്ഞപ്പോള്‍ അഞ്ചാം പന്ത് ജോസ് ബട്ട്ലറിനാണ് നേരിടേണ്ടി വന്നത്. ഭുവനേശ്വര്‍ കുമാറിന്‍റെ ഇന്‍സ്വിങ്ങ് ബോള്‍ നേരിട്ട ജോസ് ബട്ട്ലറിന്‍റെ സ്റ്റംപെടുത്തു.
ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ ഫ്ലിക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ പാഡില്‍ തട്ടിയാണ് ജോസ് ബട്ട്ലറുടെ കുറ്റി തെറിച്ചത്. പന്ത് ഇത്ര സ്വിങ്ങ് ചെയ്യുമെന്ന് പ്രതീക്ഷികാതിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍, അത്ഭുതത്തോടെയാണ് മടങ്ങിയത്.
ടി20യില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ വളരെ മോശം റെക്കോഡുള്ള താരമാണ് ജോസ് ബട്ട്ലര്‍. 67 ബോളുകള്‍ നേരിട്ട താരത്തിനു വ്യക്തമായ ആധിപത്യം നേടാന്‍ കഴിഞ്ഞട്ടില്ല. 4 തവണ പുറത്താവുകയും ചെയ്തു.