ഐപിൽ പതിനഞ്ചാം സീസണിൽ തുടർ തോൽവികളിൽ വിഷമിക്കുന്ന ടീമുകളാണ് കൊൽക്കത്തയും ഡൽഹിയും. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ടീമിനെ ഒരിക്കൽ കൂടി ചതിച്ചത് അവരുടെ ബാറ്റിംഗ് നിര തന്നെ. ഓപ്പണർമാർ അടക്കം ടോപ് ഓർഡർ തകർന്നപ്പോൾ നിതീഷ് റാണയുടെ അർദ്ദ സെഞ്ചുറി പ്രകടനമാണ് കൊൽക്കത്ത ടോട്ടൽ 146ലേക്ക് എത്തിച്ചത്. നിതീഷ് റാണ വെറും 34 ബോളിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 57 റൺസ് നേടിയപ്പോൾ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ 42 റൺസ് നേടി.
എന്നാൽ ഒരിക്കൽ കൂടി കൊൽക്കത്ത ബാറ്റിങ് നിരക്ക് മുൻപിൽ വില്ലനായി എത്തിയത് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ കുൽദീപ് യാദവ് തന്നെ. സീസണിൽ ഉടനീളം മികച്ച ഫോമിലുള്ള താരം നാല് വിക്കറ്റുകൾ വീഴ്ത്തി. തന്റെ ആദ്യത്തെ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവ് ശേഷം മൂന്നാം ഓവറിൽ ശ്രേയസ് അയ്യർ, റസ്സൽ എന്നിവരെ പുറത്താക്കി.
മനോഹരമായ ഒരു സ്റ്റമ്പ്പിങ്ങിൽ കൂടിയാണ് റിഷാബ് പന്ത് റസ്സലിന്റെ വിക്കറ്റ് ഉറപ്പാക്കിയത്.കഴിഞ്ഞ സീസണിൽ വരെ കൊൽക്കത്ത ടീമിന്റെ ഭാഗമായിരുന്ന കുൽദീപ് തന്റെ പഴയ ടീമിന് എതിരെ മധുര പ്രതികാരമാണ് ഒരിക്കൽ കൂടി പൂർത്തിയാക്കിയത്.
നേരത്തെ സീസണിൽ ആദ്യമായി രണ്ട് ടീമുകൾ ഏറ്റുമുട്ടിയപ്പോഴും കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കഴിഞ്ഞ ഐപിൽ സീസണിൽ താരത്തെ ഒരു കളികളിൽ പോലും കളിപ്പിച്ചിരുന്നില്ല. ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക് എത്തിയ കുൽദീപ് യാദവ് ഇതിനകം തന്നെ 17 വിക്കറ്റുകൾ വീഴ്ത്തി. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ കുൽദീപ് യാദവിനൊരു സ്ഥാനം ലഭിക്കുമോയെന്നുള്ളതാണ് ചോദ്യം.