ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചു ലക്നൗ സൂപ്പര്‍ ജയന്‍റസ് പ്ലേയോഫില്‍ യോഗ്യത നേടി. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ രണ്ട് റണ്ണിനായിരുന്നു ലക്നൗന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 210 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് 208 റണ്‍സില്‍ എത്താനാണ് സാധിച്ചത്.
അവസാന 4 ഓവറില്‍ 67 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത്. എന്നാല്‍ റസ്സല്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ വിജയ പ്രതീക്ഷ കുറഞ്ഞിരുന്നു. എന്നാല്‍ റിങ്കു സിങ്ങിനോടൊപ്പം സുനില്‍ നരൈന്‍, ടീമിനെ വിജയപ്പിക്കാന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് 19 പന്തില്‍ 58 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
12 പന്തില്‍ 38 റണ്‍സ് വേണമെന്നിരിക്കെ ജേസണ്‍ ഹോള്‍ഡറെ 17 റണ്‍സ് അടിച്ച് വിജയലക്ഷ്യം 21 ആക്കി. അവസാന ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ചത് മാര്‍ക്കസ് സ്റ്റോണിസിനെയായിരുന്നു. ക്രീസിലുള്ളത് റിങ്കു സിങ്ങും. ആദ്യ പന്ത് ഫോറടിച്ച് തുടങ്ങിയ താരം അടുത്ത രണ്ട് പന്തില്‍ സിക്സ് അടിച്ചു. വിജയിക്കാന്‍ 2 പന്തില്‍ 3 റണ്‍സ് വേണമെന്നിരിക്കെ റിങ്കു സിങ്ങിനെ ഒറ്റ കൈ ക്യാച്ചിലൂടെ എവിന്‍ ലൂയിസ് പുറത്താക്കി. 15 പന്തില്‍ 2 ഫോറും 4 സിക്സുമായി 40 റണ്‍സാണ് താരം നേടിയത്.
അവസാന പന്തില്‍ സുനില്‍ നരൈന്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡിലും ഉമേഷ് യാദവ് സ്ട്രൈക്കിലുമായിരുന്നു. മാര്‍ക്കസ് സ്റ്റോണിന്‍റെ യോര്‍ക്കര്‍ ഉമേഷ് യാദവിന്‍റെ കുറ്റി തെറിപ്പിച്ചപ്പോള്‍ ആവേശ വിജയം ലക്നൗ നേടിയെടുത്തു.