കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജകീയ വിജയം സ്വന്തമാക്കി സഞ്ജുപട. പൂർണ്ണമായും രാജസ്ഥാൻ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ജെയിസ്വാളിന്റെയും സഞ്ജു സാംസന്റെയും തകർപ്പൻ ഇന്നിങ്സുകളുടെ ബലത്തിലായിരുന്നു രാജസ്ഥാന്റെ ഈ വെടിക്കെട്ട് വിജയം. മത്സരത്തിൽ 41 പന്തുകൾ ബാക്കിനിൽക്കുകയാണ് രാജസ്ഥാൻ വിജയം കണ്ടത്. ഒരുപാട് റെക്കോർഡുകൾ മാറിനിന്ന മത്സരത്തിൽ വളരെ ആശ്വാസം നൽകുന്ന വിജയം തന്നെയാണ് രാജസ്ഥാന് ഉണ്ടായിരിക്കുന്നത്.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതൊരു മികച്ച തീരുമാനമായിരുന്നു എന്ന് തോന്നിക്കുന്ന വിധത്തിലാണ് ട്രെന്റ് ബോൾട്ട് ആരംഭിച്ചത്. കൊൽക്കത്തയുടെ അപകടകാരികളായ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ബോൾട്ടിന് സാധിച്ചു. ശേഷം മൂന്നാം വിക്കറ്റിൽ വെങ്കിടേഷ് അയ്യരും നിതീഷ് റാണയും കൊൽക്കത്തയുടെ രക്ഷകരായി മാറുകയായിരുന്നു. വെങ്കിടേഷ് അയ്യർ മത്സരത്തിൽ 42 പന്തുകളിൽ 57 റൺസ് നേടി. നിതീഷ് റാണ 17 പന്തുകളിൽ 22 റൺസ് ആണ് നേടിയത്. എന്നാൽ ഇവർക്ക് ശേഷമെത്തിയ ബാറ്റർമാരിൽ ആർക്കും മത്സരത്തിൽ മികവു പുലർത്താൻ സാധിച്ചില്ല. ഇതോടെ കൊൽക്കത്തയുടെ സ്കോർ കേവലം 149 റൺസിൽ ഒതുങ്ങുകയായിരുന്നു രാജസ്ഥാനായി 25 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ നേടി ചാഹൽ മികവ് കാട്ടി.
മറുപടി ബാറ്റിംഗിൽ ഒരു അത്ഭുത തുടക്കം തന്നെയായിരുന്നു രാജസ്ഥാന് ജയസ്വാൾ നൽകിയത്. ആദ്യ രണ്ടു പന്തുകളിൽ നിതീഷ് റാണയെ സിക്സർ പറത്തിയാണ് ജയസ്വാൾ ആരംഭിച്ചത്. നിതീഷ് റാണ എറിഞ്ഞ ആദ്യത്തെ ഓവറിൽ 26 റൺസ് നേടി ചരിത്രം കുറിക്കുകയും ചെയ്തു ജയസ്വാൾ. മത്സരത്തിൽ 13 പന്തുകളിൽ നിന്നായിരുന്നു ജയസ്വാളിന്റെ അർത്ഥസെഞ്ച്വറി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ അർത്ഥസെഞ്ച്വറി ആണ് മത്സരത്തിൽ ജയസ്വാൾ നേടിയത്. ജയസ്വാളിന്റെ ഈ വെടിക്കെട്ടോടുകൂടി മത്സരം പൂർണമായും രാജസ്ഥാന്റെ കൈകളിൽ എത്തുകയായിരുന്നു. ജോസ് ബട്ലർ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും സഞ്ജു സാംസനും ജയസ്വാളിനൊപ്പം ക്രീസിൽ ഉറച്ചതോടെ രാജസ്ഥാൻ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു.
മത്സരത്തിൽ ജയസ്വാൾ 47 പന്തുകളിൽ 98 റൺസാണ് നേടിയത്. 13 ബൗണ്ടറീകളും 5 സിക്സറുകളും ജെയിസ്വാളിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. സഞ്ജു സാംസൺ മത്സരത്തിൽ 29 പന്തുകളിൽ 48 റൺസ് നേടി. ഇന്നിംഗ്സിൽ 2 ബൗണ്ടറീകളും 5 സിക്സറുകളുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇരുവരും മത്സരത്തിൽ അഴിഞ്ഞാടിയതോടെ രാജസ്ഥാൻ റോയൽസ് 41 പന്തുകൾ ബാക്കിനിൽക്കെ വിജയം കാണുകയായിരുന്നു. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ഈ വിജയത്തോടെ രാജസ്ഥാൻ തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തിയിട്ടുണ്ട്.