2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ സൈനിങ് നടത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുൻപ് കൊൽക്കത്തയുടെ പ്രധാന താരങ്ങളായ ഷക്കീബ് അൽ ഹസനും ശ്രേയസ് അയ്യരും 2023 ഐപിഎല്ലിൽ നിന്ന് മാറി നിന്നിരുന്നു. ഷക്കീബ് അൽ ഹസൻ ദേശീയ ടീമിൽ കളിക്കേണ്ടതിന്നാലും, ശ്രേയസ് പരിക്ക് മുലവുമാണ് കൊൽക്കത്തയിൽ നിന്ന് മാറിനിന്നത്. ഇരുവർക്കും പകരക്കാരനായി ഇംഗ്ലണ്ട് താരം ജേസൺ റോയെ ടീമിൽ എത്തിച്ചിരിക്കുകയാണ് കൊൽക്കത്ത ഇപ്പോൾ. 2.8 കോടി രൂപയ്ക്കാണ് കൊൽക്കത്ത ജേസൺ റോയിയെ ടീമിൽ എത്തിച്ചിരിക്കുന്നത്. ലേലത്തിൽ 1.5 കോടി രൂപയായിരുന്നു ജേസൺ റോയുടെ അടിസ്ഥാന വില.
കഴിഞ്ഞവർഷം റോയിയെ ഗുജറാത്ത് ടൈറ്റൻസ് ലേലത്തിൽ ടീമിൽ എത്തിച്ചിരുന്നു. എന്നാൽ ശേഷം ടൂർണ്ണമെന്റ് തുടങ്ങുന്നതിന് മുൻപായി റോയി ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാല ഇടവേള എടുക്കുകയായിരുന്നു. 2021ൽ സൺറൈസേഴ്സ് ഹൈദരാബാദിനെയായിരുന്നു റോയ് പ്രതിനിധീകരിച്ചത്. സീസണിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 30 റൺസ് ശരാശരിയിൽ 150 റൺസ് റോയ് നേടിയിരുന്നു. 123.96ആണ് റോയിയുടെ സീസണിലെ സ്ട്രൈക്ക് റേറ്റ്.
കൊൽക്കത്തയെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന സൈനിംഗ് ആണിത്. ടൂർണ്ണമെന്റ് ആരംഭിക്കുന്നതിനു തൊട്ടു മുൻപ് നായകൻ ശ്രേയസ് അയ്യരെയും പ്രധാന കളിക്കാരനായ ഷാക്കിബിനെയും നഷ്ടമായത് കൊൽക്കത്തക്ക് തിരിച്ചടിയായിരുന്നു. ഈ അവസരത്തിൽ ഒരു മുൻനിര വെടിക്കെട്ട് ബാറ്ററെ കൊൽക്കത്തക്ക് ആവശ്യമായിരുന്നു. ആ സ്ഥാനത്തേക്കാണ് ജേസൺ റോയ് എത്തുന്നത്.
ഇതുവരെ ഐപിഎൽ 2023ൽ ഒരു മത്സരം മാത്രമാണ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ് കളിച്ചിട്ടുള്ളത്. പഞ്ചാബിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ കൊൽക്കത്ത ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു റൺസിന് പരാജയപ്പെട്ടിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വ്യാഴാഴ്ചയാണ് കൊൽക്കത്തയുടെ രണ്ടാം മത്സരം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം കൊൽക്കത്തക്ക് വളരെ നിർണായകമാണ്. അതിനാൽതന്നെ എന്തു വില കൊടുത്തും മത്സരത്തിൽ ജയിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊൽക്കത്ത.