വളരെ കാലത്തിന് ശേഷമാണ് ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ട്വന്റി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പാരമ്പരയിൽ ഇരുതാരങ്ങളും കളിക്കുന്നുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ മാത്രമായിരുന്നു ഉൾപ്പെട്ടത്.
രണ്ടാം മത്സരത്തിൽ വിരാട് കോഹ്ലിയും തിരികെയേത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ വിരാട് കോഹ്ലി ട്വന്റി20 ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യണം എന്നാണ് മുൻ ഇന്ത്യൻ തരം സുരേഷ് റെയ്ന പറഞ്ഞിരിക്കുന്നത്. മാത്രമല്ല കോഹ്ലി ഇന്ത്യക്കായി ട്വന്റി20 ലോകകപ്പിൽ അണിനിരക്കണമെന്നും റെയ്ന പറയുന്നു.
ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്. ഇതിന് മുൻപായാണ് രോഹിത് ശർമയും കോഹ്ലിയും ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത്. യുവതാരങ്ങൾക്കൊപ്പം ഈ താരങ്ങളും ഇന്ത്യക്കായി ട്വന്റി20 ലോകകപ്പിൽ അണിനിരക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പരിചയസമ്പന്നതയും യുവത്വവും ചേർന്ന് ഒരു മിക്സ് തന്നെയാവും ഇന്ത്യയ്ക്കായി ഇത്തവണത്തെ ലോകകപ്പിൽ അണിനിരക്കുക അങ്ങനെയുള്ളപ്പോൾ വിരാട് കോഹ്ലി മൂന്നാം നമ്പറിൽ കളിച്ച് ഇന്ത്യയ്ക്ക് മികച്ച തുടക്കങ്ങൾ നൽകണമെന്നാണ് റെയ്ന അവകാശപ്പെടുന്നത്. കോഹ്ലിയുടെ പരിചയസമ്പന്നത ഇന്ത്യയ്ക്ക് ലോകകപ്പിൽ വളരെ വലിയ ഗുണം ചെയ്യുമെന്ന് റെയ്ന കരുതുന്നു.
“വിരാട് കോഹ്ലി ട്വന്റി20കളില്‍ മൂന്നാം നമ്പറിൽ തന്നെ കളിക്കണം. അദ്ദേഹത്തിന്റെ പരിചയസമ്പന്നത ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്യും. പ്രത്യേകിച്ച് അമേരിക്കയിലെയും വെസ്റ്റിൻഡീസിലെയും വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ. മാത്രമല്ല ഇന്ത്യയ്ക്ക് തെല്ലും ഭയമില്ലാത്ത ഒരുപാട് യുവ ക്രിക്കറ്റർമാരും നിലവിലുണ്ട്. ജയിസ്വാൾ, റിങ്കുസിങ്, ശുഭ്മാൻ ഗിൽ തുടങ്ങിയ യുവതാരങ്ങളും ഇന്ത്യക്കായി ലോകകപ്പിൽ അണിനിരക്കുന്നുണ്ട്. ഇവരുള്ളപ്പോഴും രോഹിത്തും കോഹ്ലിയും തന്നെയാണ് ഇന്ത്യയുടെ ടീമിന് ദൃഢത നല്‍കുന്നത്.”- റെയ്ന പറഞ്ഞു.
കഴിഞ്ഞ 3 ട്വന്റി20 ലോകകപ്പിലും ഇന്ത്യയുടെ ഏറ്റവും വലിയ സ്കോററായിരുന്നു വിരാട് കോഹ്ലി. മൂന്നാം നമ്പരിൽ കളിച്ചാണ് കഴിഞ്ഞ 3 ട്വന്റി20 ലോകകപ്പിലും കോഹ്ലി ഈ നേട്ടം കൊയ്തത്. കോഹ്ലിയുടെ കുട്ടി ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് യുവതാരങ്ങൾക്ക് വലിയ വെല്ലുവിളി തന്നെ ഉയർത്തിയിട്ടുണ്ട്.
സെലക്ടർമാർക്ക് മുമ്പിൽ ഇമ്പാക്ടുള്ള പ്രകടനങ്ങൾ പുറത്തെടുത്താൽ മാത്രമേ യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിലേക്ക് നിലവിൽ എത്തിച്ചേരാൻ സാധിക്കൂ. എന്നിരുന്നാലും ശിവം ദുബയും ജിതേഷ് ശർമയും അടക്കമുള്ള താരങ്ങൾ മികവ് പുലർത്തുന്നത് ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നു.