ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി പൊരുതിയത് വിരാട് കോഹ്ലി മാത്രമാണ്. മറ്റു ബാറ്റർമാരൊക്കെയും ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് മുമ്പിൽ അടിയറവ് പറഞ്ഞപ്പോൾ വിരാട് കോഹ്ലി ഇന്ത്യയെ പരാജയത്തിൽ നിന്ന് കരകയറ്റാൻ ശ്രമിച്ചു.
ഇന്നിംഗ്സിൽ 82 പന്തുകൾ നേരിട്ട കോഹ്ലി 76 റൺസാണ് നേടിയത്. കോഹ്ലിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഇന്ത്യ ഇന്നിംഗ്സിൽ 100 റൺസ് പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും ഒരു സിക്സറും കോഹ്ലി സ്വന്തമാക്കുകയുണ്ടായി. വളരെ വലിയ പോരാട്ടം കോഹ്ലി നയിച്ചെങ്കിലും ഇന്ത്യയ്ക്ക് പരാജയമൊഴിവാക്കാൻ സാധിച്ചില്ല. എന്നാൽ ഈ ഇന്നിംഗ്സിലൂടെ ഒരുപാട് റെക്കോർഡുകൾ മറികടക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു.
ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റുകളിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള താരങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തെത്താൻ കോഹ്ലിക്ക് ഈ ഇന്നിംഗ്സിലൂടെ സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇതിഹാസ ബാറ്റർ വിവിഎസ് ലക്ഷ്മണെ പിന്തള്ളിയാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്തേക്ക് എത്തിയത്.
ഇതുവരെ ഇന്ത്യക്കായി 112 ടെസ്റ്റ് മത്സരങ്ങളാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 8790 റൺസ് സ്വന്തമാക്കാൻ ഈ ലെജൻഡ് ബാറ്റർക്ക് സാധിച്ചു. 134 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച വിവിഎസ് ലക്ഷ്മൺ നേടിയത് 8781 റൺസായിരുന്നു. ഈ റെക്കോർഡാണ് കോഹ്ലി മറികടന്നിരിക്കുന്നത്.
കോഹ്ലിക്ക് മുൻപിൽ നിലവിൽ ഈ ലിസ്റ്റിലുള്ളത് 3 ലെജൻഡ് താരങ്ങൾ തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ നിൽക്കുന്നു. 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15,921 റൺസാണ് സച്ചിൻ സ്വന്തമാക്കിയിട്ടുള്ളത്.
രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡാണുള്ളത്. 163 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13,265 റൺസ് ഇന്ത്യക്കായി സ്വന്തമാക്കാൻ സച്ചിൻ ടെണ്ടുൽക്കർക്ക് സാധിച്ചു. ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ള സുനിൽ ഗവാസ്കർ 125 മത്സരങ്ങളിൽ നിന്ന് 10,122 റൺസാണ് ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ നേടിയിട്ടുള്ളത്.
മാത്രമല്ല മത്സരത്തിനിടെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയിൽ 4 അർത്ഥ സെഞ്ച്വറികൾ നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡിൽ സൗരവ് ഗാംഗുലിയുടെയും വിവിഎസ് ലക്ഷ്മണിന്റെയും ഒപ്പമെത്താൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം സേന രാജ്യങ്ങളിൽ 7000ലധികം അന്താരാഷ്ട്ര റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ ബാറ്റർ എന്ന ബഹുമതിയും കോഹ്ലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റർ സേന രാജ്യങ്ങളിൽ 7000 റൺസ് പൂർത്തീകരിക്കുന്നത്.