“പ്രസീദ് മോശം ബോളറല്ല, അവൻ തിരിച്ചുവരും.. ഞങ്ങൾ പിന്തുണയ്ക്കുന്നു”. രോഹിത് ശർമയുടെ വാക്കുകൾ.

PRASIDH KRISHNA

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ പേസർമാരായ പ്രസീദ് കൃഷ്ണയ്ക്കും ശർദുൽ താക്കൂറിനും വേണ്ട രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. തന്റെ അരങ്ങേറ്റ മത്സരം കളിച്ച പ്രസീദ് കൃഷ്ണ 93 റൺസാണ് ആദ്യ ഇന്നിങ്സിൽ വിട്ട് നൽകിയത്. കേവലം ഒരു വിക്കറ്റ് മാത്രമാണ് പ്രസീദിന് നേടാൻ സാധിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 13 മത്സരങ്ങൾ കളിച്ച അനുഭവം മാത്രമേ പ്രസീദ് കൃഷ്ണയ്ക്കുള്ളൂ. അതിനാൽ തന്നെ അനുഭവസമ്പത്തിന്റെ കാര്യത്തിൽ പ്രസീദ് കൃഷ്ണ പിന്നിലാണ്. എന്നിരുന്നാലും ഈ മോശം പ്രകടനത്തിനിടെയും പ്രസീദ് കൃഷ്ണയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. പ്രസീദ് ഒരുപാട് കഴിവുകളുള്ള ക്രിക്കറ്ററാണ് എന്ന് രോഹിത് ശർമ പറയുകയുണ്ടായി.

അനുഭവ സമ്പത്തില്ലായ്മ പ്രസീദ് കൃഷ്ണയുടെ ഒരു പ്രധാന പ്രശ്നമാണ് എന്ന് രോഹിത് ചൂണ്ടിക്കാട്ടി. “പ്രസീദിന് അനുഭവസമ്പത്ത് കുറവാണ്. എന്നിരുന്നാലും അതിൽ നിന്ന് തിരികെയെത്തി മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രസീദിന് കഴിവുണ്ട്. ഇന്ത്യയിൽ ഞങ്ങൾക്കായി കളിച്ച ഒരുപാട് ബോളർമാർ നിലവിൽ പരിക്കിന്റെ പിടിയിലാണ്. ചിലർ സെലക്ഷന് ലഭ്യമല്ല. അതുകൊണ്ടു തന്നെ ലഭ്യമായ കളിക്കാരെ തിരഞ്ഞെടുക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.”

” ഇവിടത്തെ സാഹചര്യങ്ങൾ ഞങ്ങൾ മുൻപ് തന്നെ മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ചാണ് ബോളർമാരെ ടീമിൽ നിലനിർത്തിയത്. കഴിഞ്ഞ സമയങ്ങളിൽ പ്രസീദ് കൃഷ്ണ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ല എന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. എന്നിരുന്നാലും ബാക്കി 3 താരങ്ങളും ഇന്ത്യൻ ടീമിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ളതാണ്. ഞങ്ങൾ അവരിലും പ്രതീക്ഷ വയ്ക്കുന്നു.”- രോഹിത് പറഞ്ഞു.

Read Also -  5 വർഷം കൂടുമ്പോൾ മാത്രം മെഗാലേലം, 6 താരങ്ങളെ നിലനിർത്താം. മാറ്റങ്ങൾക്ക് ഒരുങ്ങി ഐപിഎൽ.

“അനുഭവസമ്പത്ത് എന്നതിലുപരി നമ്മുടെ മാനസിക നിലവാരമാണ് ഇത്തരം സാഹചര്യങ്ങളിൽ ഉയരേണ്ടത്. എങ്ങനെയാണ് നമ്മുടെ മനസ്സിനെ പാകപ്പെടുത്തുന്നതെന്നും എത്ര പ്രധാനമായാണ് നമ്മൾ മത്സരത്തിൽ കളിക്കുന്നതെന്നതുമാണ് ഏറ്റവും നിർണായക കാര്യം.”

‘ഞാൻ ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ മുൻപ് കളിച്ചിട്ടില്ല’ എന്ന രീതിയിൽ ചിന്തിച്ചാൽ അത് കാര്യങ്ങൾ എളുപ്പമാക്കില്ല. അതേസമയം നമുക്ക് മുൻപിലേക്ക് ഒരു വലിയ അവസരമെത്തി എന്നും, അത് പരമാവധി ഉപയോഗിക്കണമെന്നുമുള്ള രീതിയിൽ ചിന്തിച്ചാൽ മത്സരത്തിൽ മികവ് പുലർത്താൻ സാധിക്കും.”- രോഹിത് കൂട്ടിച്ചേർത്തു.

“കഴിഞ്ഞ കുറച്ചുനാളുകളായി പ്രസീദ് ടീമിനൊപ്പമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും ഏകദിന ട്വന്റി20 മത്സരങ്ങളിൽ കഴിഞ്ഞ 2-3 വർഷങ്ങളായി പ്രസീദ് ഞങ്ങൾക്കൊപ്പം അണിനിരക്കുന്നു. ഒരുപാട് കഴിവുകളുള്ള ക്രിക്കറ്ററാണ് താൻ എന്ന് പ്രസീദ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ അയാൾക്ക് വേണ്ടവിധത്തിൽ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.”

“പരമ്പരയിലെ ആദ്യ മത്സരം കളിക്കുന്നതിനാൽ തന്നെ ഞങ്ങൾക്കൊക്കെയും അല്പം സമ്മർദ്ദമുണ്ടായിരുന്നു. അത് അവനും ഉണ്ടായിരിക്കുമെന്നത് ഉറപ്പാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാം. എന്നാൽ കൃത്യമായി സമയത്ത് തിരിച്ചെത്തുകയും പ്രകടനങ്ങൾ പുറത്തെടുക്കുകയുമാണ് ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ഞങ്ങൾ പ്രസീദിനെ പിന്തുണയ്ക്കുന്നു.”- രോഹിത് പറഞ്ഞു വെക്കുന്നു.

Scroll to Top