2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ സൂപ്പർ താരം വിരാട് കോഹ്ലി രോഹിത് ശർമയെപ്പോലെ ബാറ്റ് ചെയ്യേണ്ട ആവശ്യകതയില്ല എന്ന് മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും കോഹ്ലിയുടെ ബാറ്റിംഗ് ശൈലിക്കെതിരെ വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു.
ടൂർണമെന്റിന്റെ ആദ്യ പാദത്തിൽ മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് കണ്ടെത്താൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. ശേഷമാണ് കോഹ്ലി രണ്ടാം പാദത്തിൽ തിരിച്ചുവരവ് നടത്തിയത്. ഇതിന് ശേഷമാണ് ഇപ്പോൾ ആരോൺ ഫിഞ്ച് അഭിപ്രായവുമായി രംഗത്തെത്തിയത്.
നിലവിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്ന രീതിയിലേക്ക് വിരാട് കോഹ്ലിയും ചലിക്കണമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഫിഞ്ച്. അത്തരത്തിൽ ഒരു മാറ്റം കോഹ്ലിയുടെ ബാറ്റിംഗിൽ ആവശ്യമില്ല എന്നാണ് ഫിഞ്ചിന്റെ അഭിപ്രായം. രോഹിത് ശർമയുടെയും കോഹ്ലിയുടെയും അവസ്ഥകൾ വ്യത്യസ്തമാണ് എന്ന് ഫിഞ്ച് പറയുന്നു. ഇന്ത്യൻ ടീമിനായി രോഹിത് മികവ് പുലർത്തുമ്പോൾ അവന് ചുറ്റും ഒരുപാട് ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുണ്ട് എന്ന് ഫിഞ്ച് കരുതുന്നു. മൂന്നാം നമ്പറിൽ വിരാട് കോഹ്ലി അടക്കമുള്ളവർ തന്റേതായ ശൈലിയിൽ കളിക്കുന്നത് കൊണ്ടാണ് രോഹിത്തിന് ആക്രമണ മനോഭാവം ബാറ്റിംഗിൽ പുലർത്താൻ സാധിക്കുന്നത് എന്നാണ് ഫിഞ്ച് കരുതുന്നത്.
“രോഹിത് ശർമ കളിക്കുന്ന ശൈലി നമുക്ക് നോക്കാം. അവന് ചുറ്റും ഒരുപാട് താരങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരു ടീമിലെ ബാറ്റർമാർക്ക് ആവശ്യമായ ഫൗണ്ടേഷനാണ് രോഹിത് ശർമ നൽകുന്നത്. അതുകൊണ്ടുതന്നെ മൈതാനത്ത് എത്തി കുറച്ച് മികച്ച ഷോട്ടുകൾ കളിച്ച് എതിർ ടീമിന്മേൽ ആധിപത്യം പുലർത്താൻ തന്നെയാണ് രോഹിത് ശ്രമിക്കേണ്ടത്. തന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ ഒരുപാട് സിക്സറുകൾ സ്വന്തമാക്കാനും രോഹിത് ശ്രമിക്കാറുണ്ട്. ഇതിന് പ്രധാന കാരണം രോഹിത്തിന്റെ ടീമിന് ചുറ്റുമുള്ള സാഹചര്യങ്ങൾ തന്നെയാണ്.”- ഫിഞ്ച് പറഞ്ഞു.
“വിരാട് കോഹ്ലി മൂന്നാം നമ്പരിൽ ബാറ്റിംഗ് ഇറങ്ങുന്നത് തന്നെയാണ് രോഹിത്തിന്റെ ഏറ്റവും വലിയ ധൈര്യം. കാരണം തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുണ്ടായാലും മറ്റു ബാറ്റർമാർക്ക് അത് പരിഹരിക്കാൻ സാധിക്കുമെന്ന് രോഹിത് വിശ്വസിക്കുന്നു. കുറച്ചധികം കാലമായി ഈ ഫോർമുലയിൽ തന്നെയാണ് രോഹിത് കളിക്കുന്നത്. 140 നും 150നും ഇടയിൽ തന്നെയാണ് രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ് വരാറുള്ളത്. ഇതേ സംബന്ധിച്ച് യാതൊരു പ്രശ്നങ്ങളും ഉണ്ടാകുന്നില്ല.”- ഫിഞ്ച് പറഞ്ഞുവെക്കുന്നു.