തന്നെ വിമർശിച്ചവരെ കൊണ്ടെല്ലാം മാറ്റി പറയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി. ഏഷ്യാകപ്പിൽ തുടങ്ങിയ താരത്തിന്റെ ജൈത്രയാത്ര ഇപ്പോൾ ലോകകപ്പിലും തുടർന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറികളാണ് താരം നേടിയത്.
ലോകകപ്പിലെ റൺവേട്ടക്കാരിൽ കോഹ്ലി തന്നെയാണ് മുന്നിൽ. നാലു മത്സരങ്ങളിൽ നിന്ന് 220 റൺസ് ആണ് താരം ഇതുവരെയും നേടിയിട്ടുള്ളത്. ഇന്നലെ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ബാറ്റിംഗിനെ മുന്നിൽ നിന്നു നയിച്ചത് കോഹിലിയായിരുന്നു. 44 പന്തുകളിൽ നിന്ന് 64 റൺസ് ആണ് താരം നേടിയത്. അർദ്ധ സെഞ്ച്വറി നേടി രാഹുലും വെടിക്കെട്ട് പ്രകടനം നടത്തി സൂര്യകുമാർ യാദവും താരത്തിന് മികച്ച പിന്തുണ നൽകി.
ഇന്നലത്തെ മത്സരത്തിൽ മറ്റൊരു നാഴികക്കല്ലും കോഹ്ലി മറികടന്നിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന റെക്കോർഡ് ആണ് , മഹേല ജയവർധനയെ മറികടന്ന് സ്വന്തമാക്കിയത്. ജയവർധനയെ മാത്രമല്ല ക്രിക്കറ്റിലെ ഇതിഹാസ താരം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോഹ്ലി മറികടന്നിരുന്നു. ഇന്ത്യക്ക് പുറമേ മറ്റൊരു രാജ്യത്ത് പോയി ഏറ്റവും കൂടുതൽ റൺസ് നേടുന്ന സച്ചിൻ്റെ റെക്കോർഡ് ആണ് വിരാട് കോഹ്ലി തൻ്റെ പേരിലേക്ക് മാറ്റിയെഴുതിയത്. സച്ചിൻ ഓസ്ട്രേലിയയിൽ നേടിയിരുന്നത് 3300 റൺസ് ആയിരുന്നു.
അഡ്ലെയ്ഡിലെ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ കോഹ്ലി അത് 3350 റൺസാക്കി മാറ്റി.
ഇന്ത്യക്ക് പുറത്തുപോയി മറ്റൊരു രാജ്യത്ത് ഏറ്റവും കൂടുതൽ റൺസ്
- 3350 – വിരാട് കോഹ്ലി – ഓസ്ട്രേലിയ
- 3300 – സച്ചിൻ ടെൻഡുൽക്കർ – ഓസ്ട്രേലിയ
- 2685 – സച്ചിൻ ടെൻഡുൽക്കർ — ശ്രീലക
- 2645 – രാഹുൽ ദ്രാവിഡ് – ഇംഗ്ലണ്ട്
- 2626 – സച്ചിൻ ടെൻഡുൽക്കർ – ഇംഗ്ലണ്ട്