ക്രിക്കറ്റിൽ ഒട്ടനവധി നിരവധി മികച്ച റെക്കോർഡുകൾ തന്റെ പേരിലാക്കിയിട്ടുള്ള താരമാണ് വിരാട് കോഹ്ലി. ഇപ്പോഴിതാ മറ്റൊരു റെക്കോർഡും തന്റെ പേരിൽ ആക്കിയിരിക്കുകയാണ് താരം. ഇന്ന് നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ട്വന്റി20 ലോകകപ്പിലെ ചരിത്ര റെക്കോർഡ് താരം സ്വന്തമാക്കിയത്.
ഈ ലോകകപ്പിലെ മൂന്നാമത്തെ അർദ്ധ സെഞ്ച്വറി കോഹ്ലി ഇന്ന് ബംഗ്ലാദേശിനെതിരെ നേടിയിരുന്നു. 44 പന്തുകളിൽ നിന്നും ഒരു സിക്സറും എട്ട് ഫോറുകളും അടക്കം പുറത്താകാതെ 64 റൺസ് ആണ് താരം നേടിയത്. താരത്തിന്റെ ഈ തകർപ്പൻ പ്രകടനത്തിലൂടെ 20-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന് താരമായി കോഹ്ലി മാറി. 31 ഇന്നിങ്സുകളിൽ നിന്നും 1016 റൺസ് നേടിയ ശ്രീലങ്കൻ ഇതിഹാസ താരം ജയവർധനയുടെ റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്.
ഇന്നത്തെ പ്രകടനത്തോടെ ഈ ലോകകപ്പിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി കോഹ്ലി മാറി. 220 റൺസാണ് താരം ഈ ലോകകപ്പിൽ നേടിയിട്ടുള്ളത്. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിൽ മാത്രമാണ് താരം അർദ്ധ സെഞ്ച്വറി നേടാതെ പുറത്തായത്.
അതേ സമയം ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് ഇന്ത്യ നേടിയത്. ലോകകപ്പിൽ ഇതുവരെ മോശം പ്രകടനം കാഴ്ചവച്ചിരുന്ന രാഹുൽ 32 പന്തിൽ 50 റൺസെടുത്ത് ഫോമിലേക്ക് തിരിച്ചുവന്നു. 16 പന്തിൽ 30 റൺസ് എടുത്ത് സൂര്യ കുമാർ യാദവ് മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ഫിനിഷർമാർ നിറം മങ്ങിയപ്പോൾ അശ്വിൻ 6 പന്തിൽ 13 റൺസ് നേടി പുറത്താക്കാതെ നിന്നു.