2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനൽ ന്യൂസിലാൻഡിനെതിരെ സെഞ്ചുറി നേടിയതോടെ വലിയൊരു നാഴികക്കലാണ് വിരാട് കോഹ്ലി പിന്നിട്ടിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ നേടുന്ന ആദ്യ താരം എന്ന ബഹുമതി വിരാട് കോഹ്ലി സ്വന്തമാക്കി കഴിഞ്ഞു. ശേഷം വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസൺ.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം വിരാട് കോഹ്ലിയാണ് എന്ന് കെയ്ൻ വില്യംസൺ അംഗീകരിക്കുന്നു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിനാണ് വില്യംസൻ ഇക്കാര്യം പറഞ്ഞത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ നടത്തിയ കോഹ്ലിയെ അഭിനന്ദിച്ചു കൊണ്ടാണ് വില്യംസൺ സംസാരിച്ചത്.
ഇതുവരെ 2023 ഏകദിന ലോകകപ്പിൽ 700 റൺസ് സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ബാറ്റർ ലോകകപ്പിന്റെ ഒരു എഡിഷനിൽ 700 റൺസ് സ്വന്തമാക്കുന്നത്. “കോഹ്ലി മത്സരത്തിൽ നേടിയ സെഞ്ച്വറി റെക്കോർഡ് വളരെ സ്പെഷ്യലായിരുന്നു. ഒരു ക്രിക്കറ്റ് താരം 50 മത്സരങ്ങൾ കളിക്കുമ്പോൾ തന്നെ ചില ആളുകൾ അത് അതൊരു മികച്ച കരിയറാണ് എന്ന് പറയാറുണ്ട്. എന്നാൽ കോഹ്ലി വീണ്ടും മികവ് പുലർത്തുകയാണ്. ”
” തന്റെ നേട്ടങ്ങൾക്കൊപ്പം തന്റെ ടീമിനെ വിജയത്തിലെത്തിക്കാനും കോഹ്ലി ശ്രമിക്കുന്നു. ഒരുപാട് പക്വതയോടെയുള്ള ബാറ്റിംഗാണ് കോഹ്ലിയുടെ വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്നത്. എല്ലായിപ്പോഴും തന്റെ ടീമിനെ മുൻപിലേക്ക് കൊണ്ട് പോവാൻ തന്നെയാണ് കോഹ്ലി ശ്രമിക്കുന്നത്. നിലവിൽ അദ്ദേഹം തന്നെയാണ് ക്രിക്കറ്റിൽ ഏറ്റവും മികച്ചത്.”- വില്യംസൺ പറഞ്ഞു.
“മാത്രമല്ല ഓരോ ദിവസങ്ങൾ കഴിയുമ്പോഴും കോഹ്ലി കൂടുതൽ മികച്ചതായി മാറുകയാണ്. അത് ലോകത്തിലെ മറ്റുള്ള ടീമുകൾക്കൊക്കെയും വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. പക്ഷേ നമ്മൾ അത് അംഗീകരിച്ചേ പറ്റൂ. അദ്ദേഹം അവിസ്മരണീയമായി മാറിക്കൊണ്ടിരിക്കുന്നു. മറുവശത്തു നിന്ന് ഈ മത്സരം കാണുമ്പോൾ അല്പം പ്രയാസകരമാണ്. എന്നിരുന്നാലും അദ്ദേഹം അവിസ്മരണീയമാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. കോഹ്ലിയുടെ മികവ് അംഗീകരിച്ചേ പറ്റൂ. അയാൾ വീണ്ടും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.”- വില്യംസൺ കൂട്ടിച്ചേർത്തു.
ടൂർണമെന്റിലെ ന്യൂസിലാൻഡ് താരങ്ങളുടെ പ്രകടനത്തിൽ അങ്ങേയറ്റം അഭിമാനമുണ്ട് എന്നും വില്യംസൻ പറയുകയുണ്ടായി. കഴിഞ്ഞ 7 ആഴ്ചകളായി യുവതാരങ്ങൾ അടക്കം പുറത്തെടുക്കുന്ന പ്രകടനത്തിൽ അതിയായ സന്തോഷം തനിക്കുണ്ടെന്ന് വില്യംസൺ പറയുന്നു. സഹതാരങ്ങളൊക്കെയും മികച്ച മനോഭാവത്തോടെ തങ്ങളുടെ ക്രിക്കറ്റിനെ സ്വീകരിക്കുന്നുണ്ടെന്നും ഇത്തരത്തിൽ ടീം മുൻപോട്ടു കൊണ്ടുപോവാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നും വില്യംസൺ കൂട്ടിച്ചേർത്തു. ലോകകപ്പിലൂടനീളം വളരെ പോസിറ്റീവായ കാര്യങ്ങളാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളത് എന്നും വില്യംസൻ പറഞ്ഞുവെക്കുന്നു.