രോഹിത് ടോസിൽ കൃത്രിമം കാട്ടുന്നു. ആരോപണവുമായി മുൻ പാക് താരം രംഗത്ത്.

ലോകകപ്പിന് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ അത്യുഗ്രൻ വിജയം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തിൽ 70 റൺസിന്റെ ആവേശ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. കിരീടം കയ്യെത്തും ദൂരെ നിൽക്കുന്ന ഇന്ത്യക്കെതിരെ വലിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ പേസർ സിക്കന്ദർ ബക്ത്.

ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെയാണ് സിക്കന്ദർ വലിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് ആദ്യമായല്ല ഒരു പാക്കിസ്ഥാൻ താരം ഇന്ത്യക്കെതിരെ ലോകകപ്പിൽ ആരോപണവുമായി രംഗത്ത് വരുന്നത്. ഇത്തവണ ഇന്ത്യൻ നായകൻ രോഹിത് ശർമ ടോസ് സമയത്ത് കള്ളത്തരം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ പാക് താരം രംഗത്ത് എത്തിയത്.

രോഹിത് ടോസ് സമയത്ത് കള്ളത്തരങ്ങൾ കാണിക്കുന്നുവെന്നും അത് മറ്റു ടീമിലെ നായകന്മാരെ ബാധിക്കുന്നുവെന്നുമാണ് സിക്കന്ദർ ചൂണ്ടിക്കാട്ടുന്നത്. ഏതുതരത്തിലാണ് ടോസ് സമയത്ത് രോഹിത് കള്ളത്തരങ്ങൾ കാണിക്കുന്നത് എന്ന് സിക്കന്ദർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം മുൻ പാക് താരം അറിയിച്ചിരിക്കുന്നത്. “എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്. ടോസ് ഇടുന്ന സമയത്ത് രോഹിത് ശർമ കോയിൻ വലിയ ദൂരത്തേക്ക് എറിയുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ എതിർ ടീം നായകന് രോഹിത് വിളിച്ചത് ശരിയായ കോളാണോ എന്ന് കാണാനോ പരിശോധിക്കാനോ സാധിക്കുന്നില്ല.”- സിക്കന്ദർ പറയുന്നു.

ലോകകപ്പിന്റെ ആദ്യ മത്സരങ്ങൾ മുതലുള്ള വീഡിയോ പങ്കുവെച്ചാണ് സിക്കന്ദർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആദ്യ മത്സരം മുതൽ രോഹിത് ടോസ് സമയത്ത് കോയിൻ ദൂരേക്ക് ഇടുന്നത് വീഡിയോയിൽ കാണാം. മുൻപ് പാക്കിസ്ഥാന്റെ മറ്റൊരു മുൻ താരമായ ഹസൻ റാസയും ഇന്ത്യൻ ടീമിനെതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുകയുണ്ടായി. മത്സരത്തിൽ ഇന്ത്യൻ ടീമിനുവേണ്ടി ബിസിസിഐയോ ഐസിസിയോ ബോൾ മാറ്റുന്നുണ്ടെന്നും ഡിആർഎസിൽ വലിയ കൃത്രിമം കാണിക്കുന്നുണ്ടെന്നുമായിരുന്നു റാസ അന്ന് പറഞ്ഞത്. എന്നാൽ അതിനെതിരെ പാകിസ്ഥാൻ മുൻ താരങ്ങൾ അടക്കം രംഗത്ത് വന്നു. ശേഷമാണ് സിക്കന്ദർ ഭക്തിന്റെ ഈ ആരോപണം.

സോഷ്യൽ മീഡിയയിൽ അടക്കം സിക്കന്ദറിന്റെ ഈ ആരോപണങ്ങൾക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ മുൻപ് തന്നെ ലോകകപ്പിൽ നിന്ന് പുറത്തായ അമർഷം സിക്കന്ദർ ഇത്തരത്തിൽ പൊള്ളയായ ആരോപണങ്ങൾ മുന്നിലേക്ക് വച്ച് തീർക്കുകയാണ് എന്ന് ആരാധകർ പറയുന്നു. സിക്കന്ദറിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. 2011 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഒരു ലോകകപ്പ് ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് കിരീടം ഉയർത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.