ഇന്ത്യ :ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിന് ആവേശതുടക്കം. രണ്ടാം ദിനം ഇംഗ്ലണ്ട് ടീമിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ബാറ്റിങ് തകർച്ച.രണ്ടാം ദിനം തുടക്ക ഓവറുകളിൽ മനോഹരമായ ബാറ്റിങ് പ്രകടനത്തോടെ ഓപ്പണിങ് സഖ്യം കളം നിറഞ്ഞശേഷമാണ് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച് തുടരെ വിക്കറ്റുകൾ നഷ്ടമായി ഇന്ത്യൻ ടീം വീണ്ടും മോശം അവസ്ഥയിലേക്ക് വന്നത്. രോഹിത് :രാഹുൽ ജോഡി രണ്ടാം ദിനം 97 റൺസ് ഒന്നാം വിക്കറ്റിൽ അടിച്ച ശേഷമാണ് ഇംഗ്ലണ്ട് ബൗളർമാരുടെ മാസ്മരിക ബൗളിംഗിന് മുൻപിലായി ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്റിങ് നിര തകർന്നത്.
രോഹിത് ലഞ്ചിന് മുൻപായി 38ആം ഓവറിൽ പുറത്തായി എങ്കിലും ഒന്നാം വിക്കറ്റിൽ രോഹിത് :രാഹുൽ സഖ്യം റെക്കോർഡ് പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്. ഇരുവരും ഇംഗ്ലണ്ട് ബൗളിങ്ങിനെ അനായാസം നേരിട്ടാണ് 97 റൺസ് അടിച്ചെടുത്തത്. എന്നാൽ 37 റൺസ് നേടിയ രോഹിത്തിനെ ബൗണ്ടറി ലൈനരികിൽ സാം കരൺ പിടിച്ചു പുറത്താക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം തകർന്നു. പിന്നീട് തുടരെ വിക്കറ്റുകൾ വീഴുന്ന കാഴ്ചയാണ് നമ്മൾ എല്ലാം കണ്ടത്.ശേഷം അൻഡേഴ്സന്റെ ഒരു ഓവറിൽ തന്നെ രഹാനെ, വിരാട് കോഹ്ലി എന്നിവർ വിക്കറ്റ് നഷ്ടമാക്കിയത് എല്ലാ ആരാധകരെയും ഞെട്ടിച്ചു.
പൂജാരക്ക് പിന്നാലെ നേരിട്ട ആദ്യത്തെ പന്തിൽ തന്നെ കോഹ്ലി മനോഹരമായ ഒരു പന്തിൽ അൻഡേഴ്സന് വിക്കറ്റ് നൽകി മടങ്ങി. നീണ്ട ഇടവേളക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി സീനിയർ ഇംഗ്ലണ്ട് പേസർ തന്റെ മികച്ച കഴിവും തെളിയിച്ചു.ഇതോടെ ചില നാണക്കേട് നിറഞ്ഞ റെക്കോർഡുകളും കോഹ്ലിക്ക് സ്വന്തമായി. ഗോൾഡൻ ഡക്കിൽ താരം തന്റെ ടെസ്റ്റ് കരിയറിൽ പുറത്താകുന്നത് ഇത് അഞ്ചാം തവണയാണ്.
2019ലെ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആദ്യമായിട്ടാണ് നേരിട്ട ആദ്യ പന്തിൽ ടെസ്റ്റിൽ പുറത്തായതും. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം നായകനായി ഏറ്റവും കൂടുതൽ ഡക്കിൽ പുറത്തായ താരവും കോഹ്ലിയായി മാറി. ഇന്ത്യൻ ടെസ്റ്റ് നായകനായ ശേഷം താരം ഒൻപതാം തവണയാണ് പൂജ്യത്തിൽ വിക്കറ്റ് നഷ്ടമാക്കുന്നത്.