അവൻ ലോകകപ്പിൽ പൊളിക്കും :വാനോളം പുകഴ്ത്തി വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിൽ ഏറ്റവും മികച്ച തുടക്കം ലഭിച്ച ടീമാണ് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ടീം. തുടർ ജയങ്ങളോടെ സീസൺ ആരംഭിച്ച ബാംഗ്ലൂർ ടീമിന് പക്ഷേ പിന്നീട് തോൽവി മാത്രം നേരിടേണ്ടി വരുന്ന കാഴ്ചയാണ് കാണേണ്ടിവരുന്നത്.ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന് എതിരായ മത്സരത്തിൽ ഒൻപത് വിക്കറ്റ് തോൽവി വഴങ്ങിയ ബാംഗ്ലൂരിന് പോയിന്റ് ടേബിളിലെ നിലവിലെ മൂന്നാം സ്ഥാനവും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആണ് ആരാധകർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ ടീമിലെ ഒരു താരത്തിനും ബാറ്റിങ്ങിൽ താളത്തിലേക്ക് എത്തുവാൻ സാധിച്ചില്ല. വിരാട് കോഹ്ലി (5), ഗ്ലെൻ മാക്സ്വെൽ (10), ഡിവില്ലേഴ്‌സ് (0) എന്നിവർ നിരാശപെടുത്തിയപ്പോൾ വെറും 92 റൺസ് നേടാനാണ് അവർക്ക് സാധിച്ചത്

എന്നാൽ ബാംഗ്ലൂർ ബാറ്റിങ് നിരയുടെ തകർച്ചക്ക് ഒപ്പം ഏറെ മികച്ച പ്രകടനം കൊൽക്കത്ത ബൗളിംഗ് നിരയിൽ പുറത്തെടുത്ത വരുൺ ചക്രവർത്തിയും ഏറെ കയ്യടികൾ നേടി. മത്സരത്തിൽ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ താരം മാൻ ഓഫ് ദി മാച്ച് അവാർഡും നേടി. മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ താരത്തെ പുകഴ്ത്തി ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി രംഗത്ത്വന്നത് ശ്രദ്ധേയമായി. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ പ്രതീക്ഷകൾ നൽകുന്നതാണ് സ്പിന്നറായ വരുൺ ചക്രവർത്തിയുടെ ബൗളിംഗ് എന്നും കോഹ്ലി വിശദമാക്കി. ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ താരം ഇടം നേടിയിരുന്നു.

“മനോഹരമായിട്ടാണ് വരുൺ ബൗളിംഗ് പൂർത്തിയാക്കിയത്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുൻപായി ഈ പ്രകടനം വളരെ അധികം സന്തോഷമാണ് നൽകുന്നത്. ഞാൻ ഡ്രസ്സിംഗ് റൂമിലും സംസാരിച്ചത് അവനെ കുറിച്ചാണ്. ടീം ഇന്ത്യക്കായി കളിക്കുമ്പോൾ അവൻ ഒരു നിർണായക ശക്തിയായി മാറും. എല്ലാ യുവ താരങ്ങളിൽ നിന്നും സമാനമായ പ്രകടനങ്ങളാണ് നാം ആഗ്രഹിക്കുന്നത്. യുവ താരങ്ങൾ എല്ലാവരും ഇതേ മികവ് ആവർത്തിച്ചാൽ ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് വർധിക്കും ” വിരാട് കോഹ്ലി അഭിപ്രായം വ്യക്തമാക്കി. മത്സരത്തിൽ 4 ഓവറുകൾ എറിഞ്ഞ വരുൺചക്രവർത്തി 13 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.