സച്ചിന്റെ വഴി രോഹിതും കോഹ്ലിയും പിന്തുടരണം. നാല്‍പതാം വയസ്സിൽ സച്ചിൻ രഞ്ജി കളിച്ചിട്ടുണ്ട്. വിമർശനവുമായി ആരാധകർ.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ബാറ്റിംഗ് പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കുമെതിരെ വിമർശനവുമായി ആരാധകർ. ഇന്ത്യയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഈ സീനിയർ താരങ്ങളുടെ മോശം പ്രകടനമാണ് എന്ന് ഇതിനോടകം തന്നെ മുൻ താരങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.

ഇതിന് പിന്നാലെയാണ് ഒരുകൂട്ടം ആരാധകർ  വിമർശനങ്ങളുമായി വന്നിരിക്കുന്നത്. ഇരുവരും എന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റായ രഞ്ജി ട്രോഫിയിൽ കളിച്ച് സ്പിന്നിനെതിരെയുള്ള തങ്ങളുടെ ദൗർബല്യം പരിഹരിക്കാത്തത് എന്ന് ആരാധകർ ചോദിക്കുന്നു. സച്ചിൻ ടെണ്ടുൽക്കറുടെ കരിയർ എടുത്തു കാട്ടിയാണ് ആരാധകർ സംസാരിച്ചത്.

ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽക്കർ 2013ലാണ് തന്റെ അവസാന രഞ്ജി ട്രോഫി മത്സരം കളിച്ചത്. ആ വർഷം തന്നെ സച്ചിൻ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ ഇന്ത്യയുടെ സൂപ്പർ താരമായ കോഹ്ലി അവസാനമായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത് 2012ലാണ്.

മാത്രമല്ല നായകൻ രോഹിത് ശർമ 2015-16 വർഷങ്ങളിലാണ് അവസാനമായി ആഭ്യന്തര ക്രിക്കറ്റിൽ അണിനിരന്നത്. 40 വയസ്സുണ്ടായിരുന്ന സച്ചിന് ഇത്തരത്തിൽ രഞ്ജിയിൽ കളിക്കാമെങ്കിൽ, എന്തുകൊണ്ടാണ് രോഹിത്തിനും കോഹ്ലിക്കും കളിക്കാൻ സാധിക്കാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇന്ത്യൻ മണ്ണിൽ സ്പിന്നിനെതിരെ വളരെ മോശം പ്രകടനങ്ങൾ ആയിരുന്നു ഇരുവരും കാഴ്ചവച്ചത്. ഇതിന് ശേഷമാണ് ഇരുവർക്കുമെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നത്. ഏതുതരത്തിൽ സ്പിന്നിനെതിരെ കളിക്കണമെന്ന് ഇന്ത്യൻ ബാറ്റർമാർ മറന്നുപോയോ എന്നാണ് ഇന്ത്യൻ മുൻ താരം സുനിൽ ജോഷി മത്സരശേഷം ചോദിച്ചത്.

ഇതിന് മുൻപ് നമ്മുടെ സ്പിന്നർമാർ ഇന്ത്യൻ മണ്ണിൽ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് എന്ന് സുനിൽ ജോഷി പറയുകയുണ്ടായി. പക്ഷേ ബാറ്റർമാർ ഏതു തരത്തിൽ സ്പിന്നിനെതിരെ കളിക്കണമെന്ന് മനസ്സിലാക്കേണ്ടതുണ്ട് എന്ന് മുൻ താരം പറയുന്നു. ആഭ്യന്തര ക്രിക്കറ്റുകളിൽ കളിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചാൽ മാത്രമേ ഇന്ത്യൻ താരങ്ങൾക്ക് സ്പിന്നിനെതിരെ മികവ് പുലർത്താൻ സാധിക്കൂ എന്നാണ് ജോഷി പറഞ്ഞത്.

“ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ ആർക്കും തന്നെ സ്പിന്നർമാർക്കെതിരെ മികവ് പുലർത്താനും കഴിയില്ല. എല്ലാ വലിയ താരങ്ങളും പിന്നിലേക്ക് പോയി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കേണ്ടതുണ്ട്. കുറച്ചു മത്സരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് മികവ് പുലർത്തിയ ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ വരാൻ തയ്യാറാവണം. എന്തുകൊണ്ടാണ് ഇന്ത്യയുടെ മുൻനിര ബാറ്റർമാർ ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ അണിനിരക്കാത്തത്? ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുക എന്നത് അനായാസ കാര്യമല്ല. അതൊരു വലിയ വെല്ലുവിളി തന്നെയാണ്.”- സുനിൽ ജോഷി പറഞ്ഞു.

Previous articleഇന്ത്യയുടെ തകർച്ച തുടങ്ങിയത് ആ തീരുമാനം മുതൽ, ടീമിൽ പൊട്ടിത്തെറി ഉണ്ടാവും. മുൻ താരം പറയുന്നു.
Next article7 വിക്കറ്റുമായി യുവ താരം എത്തുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിനു സാധ്യത