ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ മോശം പ്രകടനങ്ങളാണ് ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും കാഴ്ചവെച്ചിട്ടുള്ളത്. ഇരുവരും 2 മത്സരങ്ങളിലും ബാറ്റിംഗിൽ പരാജയപ്പെടുകയുണ്ടായി.
ഇപ്പോൾ ഈ താരങ്ങൾക്കെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ ആകാശ് ചോപ്രയും പ്രഗ്യാൻ ഓജയും. ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ കേവലം 156 റൺസിന് ഇന്ത്യ പുറത്തായിരുന്നു. ബാറ്റിംഗിലെ ഈ പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്വം രോഹിത്തിനും കോഹ്ലിയ്ക്കുമാണ് എന്ന് ഇരുതാരങ്ങളും പറയുകയുണ്ടായി.
ഇതുവരെ ഈ പരമ്പരയിൽ 2, 52, 0 എന്നിങ്ങനെയാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. വിരാട് കോഹ്ലി 0, 70, 1 എന്നിങ്ങനെ റൺസ് സ്വന്തമാക്കിയിരിക്കുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 46 റൺസിന് ഇന്ത്യ പുറത്തായിരുന്നു. ശേഷം രണ്ടാം ഇന്നിങ്സിൽ 462 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇപ്പോള്‍ പൂനെ ടെസ്റ്റിൽ 156 റൺസിന് ഇന്ത്യ പുറത്തായത്. ഇതിന് പിന്നാലെയാണ് ചോപ്രയും ഓജയും രംഗത്തെത്തിയത്. സീനിയർ താരങ്ങൾ ടീമിനെ മുന്നിൽ നിന്ന് നയിക്കാനാണ് ശ്രമിക്കേണ്ടതന്നും, ഇവിടെ രോഹിത്തും കോഹ്ലിയും അതിൽ പരാജയപ്പെട്ടു എന്നും ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി.
“ഒരു ടീമിൽ സീനിയർ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, മുന്നിൽ നിന്ന് നയിക്കുകയും ചെയ്യണം. ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെ പരിശോധിക്കുമ്പോൾ രോഹിത് ശർമയും വിരാട് കോഹ്ലിയും റൺസ് സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ്. ജയസ്വാൾ, ഗില്‍, സര്‍ഫറാസ് ഖാൻ, റിഷഭ് പന്ത് എന്നിവർ ഇപ്പോഴും യുവ താരങ്ങളാണ്. ഇവർക്ക് വലിയ പിന്തുണ അത്യാവശ്യമാണ്. വിരാട് കോഹ്ലിയും രോഹിത് ശർമയും മികച്ച പ്രകടനമല്ല 2 ടെസ്റ്റ് മത്സരത്തിലും കാഴ്ചവെച്ചിട്ടുള്ളത്. ഇരുവരുടെയും പ്രകടനങ്ങൾ ഇന്ത്യയുടെ ബാറ്റിംഗിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.”- ചോപ്ര പറയുന്നു.
ഇതിനോട് യോജിച്ചു കൊണ്ടാണ് ഓജയും സംസാരിച്ചത്. “രോഹിത് ശർമയും വിരാട് കോഹ്ലിയും കുറച്ച് വിമർശനങ്ങൾ അർഹിക്കുന്നുണ്ട്. കാരണം അവർക്ക് കൃത്യമായി റൺസ് കണ്ടെത്താൻ സാധിച്ചിട്ടില്ല. ബാംഗ്ലൂരിൽ നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇരു താരങ്ങളും അർദ്ധസെഞ്ചുറികൾ സ്വന്തമാക്കിയിരുന്നു എന്നത് ഞാൻ അംഗീകരിക്കുന്നു പക്ഷേ അത് തുടർന്നു കൊണ്ടുപോകുന്നതിൽ ഇരുവരും പരാജയപ്പെട്ടു. പൂനൈയിൽ വീണ്ടും 2 താരങ്ങളും പരാജയപ്പെടുന്നതാണ് കാണുന്നത്. ടീമിന്റെ ബാറ്റിംഗ് നയിക്കാനായി നമ്മുടെ അനുഭവസമ്പത്ത് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.”- ഓജ പറഞ്ഞു.