കെ എൽ രാഹുലിന് വീണ്ടും പരിക്ക്. ഏഷ്യകപ്പിൽ സഞ്ജുവിന് വീണ്ടും അവസരമൊരുങ്ങുന്നു?

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. കുറച്ചധികം നാളുകളായി പരിക്കിന്റെ പിടിയിലുള്ള കെഎൽ രാഹുൽ, ശ്രേയസ് അയ്യര്‍ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുന്നു എന്നതാണ് സ്ക്വാഡിലെ പ്രധാനപ്പെട്ട കാര്യം. ഒപ്പം മലയാളി താരം സഞ്ജു സാംസനെ ബാക്കപ്പ് കളിക്കാരനായാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കും എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സ്റ്റാർ ബാറ്ററായ രാഹുലിന് വീണ്ടും മറ്റൊരു പരുക്ക് കൂടി പറ്റിയെന്നും,ഏഷ്യാകപ്പിലെ ആദ്യ കുറച്ചു മത്സരങ്ങൾ നഷ്ടമാകുമേന്നുമാണ് ഇന്ത്യയുടെ ചീഫ് സെലക്ടറായ അജിത്ത് അഗാർക്കർ പറഞ്ഞിരിക്കുന്നത്. അതിനാൽ തന്നെ പകരക്കാരനായി മറ്റൊരു താരത്തിനെയാവും ഇന്ത്യ ആദ്യ മത്സരങ്ങളിൽ കളിപ്പിക്കുക.

നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് കെ എൽ രാഹുൽ. ഇതിനിടെയാണ് രാഹുലിന് വീണ്ടും പരിക്കേറ്റത്. രാഹുലിന് ബാക്കപ്പ് കളിക്കാരനായിയാണ് സഞ്ജു സാംസനെ ഇന്ത്യ ടീമിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിനിടയായിരുന്നു രാഹുലിന് പരിക്ക് പറ്റിയത്. ശേഷം പല പ്രധാനപ്പെട്ട മത്സരങ്ങളിലും രാഹുലിന് മാറി നിൽക്കേണ്ടി വന്നു. ഇതിനുശേഷമാണ് രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്നത്. എന്നാൽ അതിനിടെയാണ് രാഹുലിന് വീണ്ടും പരിക്ക് പറ്റിയിരിക്കുന്നത്.

“നിലവിൽ ശ്രേയസ് അയ്യര്‍ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ കെ എൽ രാഹുലിന് ഒരു പുതിയ പരിക്ക് പറ്റിയിരിക്കുന്നു. ചെറിയ പരിക്കാണ് രാഹുലിന് ഏറ്റിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് സഞ്ജു സാംസനെ ഇന്ത്യ ടീമിനൊപ്പം ചേർത്തത്. രാഹുൽ ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യതകൾ കുറവാണ്. ഒരുപക്ഷേ രണ്ടാമത്തെയോ മൂന്നാമത്തെയോ മത്സരത്തിൽ രാഹുൽ ടീമിലേക്ക് തിരികെ എത്തിയേക്കും. നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബർ 5 വരെ ലോകകപ്പിനുള്ള സ്ക്വാഡിനെ തിരഞ്ഞെടുക്കേണ്ടതില്ല. അത് ഞങ്ങൾക്ക് കൂടുതൽ സമയം നൽകുന്നുണ്ട്.”- അജിത്ത് അഗാർക്കർ പറഞ്ഞു.

രാഹുലിന് ആദ്യ മത്സരങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വരികയാണെങ്കിൽ ഇന്ത്യ നാലാം നമ്പറിൽ മറ്റൊരു ബാറ്ററെ കണ്ടെത്തേണ്ടിയിരിക്കുന്നു. നാലാം നമ്പറിൽ മികച്ച ശരാശരിയുള്ള സഞ്ജു സാംസൺ ആണ് ഇന്ത്യയ്ക്ക് മുൻപിലുള്ള ആദ്യ ഓപ്ഷൻ. ഇഷാൻ കിഷൻ കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും മധ്യനിരയിൽ കളിച്ച അനുഭവസമ്പത്ത് തീരെ കുറവാണ്. മറുവശത്ത് സഞ്ജുവിനെ സംബന്ധിച്ച് നാലാം നമ്പറിൽ മികച്ച റെക്കോർഡുകൾ ആണുള്ളത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ സഞ്ജുവിന് ഏഷ്യാകപ്പിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleമധ്യനിരയിൽ മറ്റൊരു യുവരാജിന്റെ ഉദയം? 2024 ലോകകപ്പിൽ റിങ്കു ഇന്ത്യൻ വജ്രായുധം.
Next article2011 ലോകകപ്പിൽ ഇന്ത്യയെ ജയിപ്പിച്ചത് യുവിയും റെയ്‌നയുമൊക്കെ. 2023ൽ ആ റോളിൽ അവൻ കളിക്കണം – മുൻ താരം.