2011 ലോകകപ്പിൽ ഇന്ത്യയെ ജയിപ്പിച്ചത് യുവിയും റെയ്‌നയുമൊക്കെ. 2023ൽ ആ റോളിൽ അവൻ കളിക്കണം – മുൻ താരം.

2023 ഏകദിന ലോകകപ്പിലേക്ക് എത്തുമ്പോൾ ഇന്ത്യൻ നിരയിലെ ഒരു പ്രധാനപ്പെട്ട താരമാണ് ഹർദിക് പാണ്ഡ്യ. ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറായ പാണ്ഡ്യ മുൻപ് മികച്ച പ്രകടനങ്ങൾ ആയിരുന്നു ഇന്ത്യയ്ക്കായി കാഴ്ചവച്ചിരുന്നത്. എന്നാൽ സമീപകാലത്ത് നടന്ന മത്സരങ്ങളിൽ തന്റെ യഥാർത്ഥ ഫോമിലേക്ക് തിരിച്ചെത്താൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ പര്യടനത്തിലും ഇത് വ്യക്തമായിരുന്നു. അതിനാൽ തന്നെ ഹർദിക് പാണ്ഡ്യയ്ക്ക് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഹർദിക് പാണ്ഡ്യ ഇന്ത്യയെ സംബന്ധിച്ച് എത്രമാത്രം പ്രധാനപ്പെട്ട കളിക്കാരനാണ് എന്നാണ് മഞ്ജരേക്കർ പറയുന്നത്.

സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജരേക്കർ ഇക്കാര്യം തുറന്നു പറഞ്ഞത്. “എന്നെ സംബന്ധിച്ച് ഹർദിക് പാണ്ഡ്യയുടെ ഇപ്പോഴത്തെ ഫോം വലിയ സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് അയാളുടെ ബോളിംഗിലാണ് വലിയ പ്രശ്നങ്ങൾ തോന്നുന്നത്. കാരണം ലോകകപ്പ് സമയത്ത് ശാരീരികമായി പാണ്ഡ്യ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. കാരണം ലോകകപ്പിൽ ഒരു ബാറ്റർ എന്ന നിലയിലല്ല ഹർദിക് പാണ്ഡ്യയെ ഇന്ത്യയെ കാണുന്നത്. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളിലും 6-7 ഓവറുകളെങ്കിലും ഹർദിക് പാണ്ഡ്യയിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.”- മഞ്ജരേക്കർ പറയുന്നു.

“2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയ സമയത്ത് സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നിവരൊക്കെയും ഇന്ത്യക്കായി പ്രധാന റോൾ വഹിച്ചിരുന്നു. ഇവരൊക്കെയും ബാറ്റർമാർ ആണെങ്കിലും മികച്ച രീതിയിൽ അന്ന് ബോൾ ചെയ്യാനും ഇവർക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ 2023 ഏകദിന ലോകകപ്പിലേക്ക് വരുമ്പോൾ ഹർദിക് പാണ്ഡ്യയുടെ റോൾ വളരെ പ്രാധാന്യമേറിയത് തന്നെയാണ്.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

രോഹിത്തിന്റെ അഭാവത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയെ ഏകദിന- ട്വന്റി20 മത്സരങ്ങളിൽ നയിച്ചത് ഹർദിക് പാണ്ഡ്യയായിരുന്നു. എന്നാൽ ഒരു ഫിനിഷർ എന്ന നിലയിൽ ഹർദിക് പരാജയപ്പെടുകയുണ്ടായി. അഞ്ച് ട്വന്റി20 മത്സരങ്ങൾ വിൻഡീസിനെതിരെ കളിച്ച ഹർദിക് പാണ്ഡ്യ നേടിയത് 77 റൺസ് മാത്രമാണ്. അഞ്ചു മത്സരങ്ങളിൽ നിന്നായി 15 ഓവറുകൾ പന്തറിയാനും ഹർദിക് പാണ്ഡ്യക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും തന്റെ പ്രതാപകാലഫോമിന്റെ അടുത്തെത്താൻ പോലും ഹർദിക്ക് പാണ്ഡ്യയ്ക്ക് പരമ്പരയിൽ സാധിച്ചില്ല.