ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 200 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ ആദ്യ ഓവറുകളിൽ തന്നെ ഓസ്ട്രേലിയൻ പേസർമാർ ഞെട്ടിക്കുകയുണ്ടായി. ഇന്ത്യയുടെ മുൻനിരയിലെ 3 ബാറ്റർമാരെ പുറത്താക്കിയാണ് ഓസ്ട്രേലിയ സമ്മർദ്ദം ചെലുത്തിയത്.
എന്നാൽ അവിടെ നിന്ന് വിരാട് കോഹ്ലിയും കെഎൽ രാഹുലും ചേർന്ന് ഇന്ത്യയെ കൈപിടിച്ചുയർത്തുകയായിരുന്നു. മത്സരത്തിൽ 115 പന്തുകളിൽ 97 റൺസാണ് രാഹുൽ നേടിയത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും രാഹുലിനാണ് ലഭിച്ചത്. തന്റെ ഇന്നിംഗ്സിനെ പറ്റി രാഹുൽ സംസാരിക്കുകയുണ്ടായി.
ക്രീസിലെത്തിയശേഷം ഒരു ടെസ്റ്റ് മത്സരം പോലെ കളിക്കാനാണ് തന്റെ സഹതാരം വിരാട് കോഹ്ലി ഉപദേശിച്ചത് എന്ന് രാഹുൽ പറയുന്നു. മൈതാനത്തെത്തിയ ഉടൻ തന്നെ ഒരുപാട് സംഭാഷണങ്ങളിൽ ഞങ്ങൾ ഏർപ്പെട്ടിരുന്നില്ല. ആദ്യ ഇന്നിങ്സിന് ശേഷം എനിക്ക് ഒന്ന് കുളിക്കാനും മറ്റുമായി ഇടവേള ലഭിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെയല്ല ഉണ്ടായത്.
മൈതാനത്തുനിന്ന് പോയതിന് ശേഷം തന്നെ ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നു. ബാറ്റിംഗിന് ഇറങ്ങിയ ശേഷം വിരാട് കോഹ്ലി എന്നോട് പറഞ്ഞത് വിക്കറ്റിനെ പറ്റിയാണ്. ഈ വിക്കറ്റിൽ ബോളർമാർക്ക് അനുകൂലമായി എന്തോ ഉണ്ടെന്നും, അതിനാൽ തന്നെ കുറച്ചു സമയത്തേക്ക് ടെസ്റ്റ് ക്രിക്കറ്റ് പോലെ കളിക്കാനുമാണ് കോഹ്ലി ആവശ്യപ്പെട്ടത്. “- രാഹുൽ പറഞ്ഞു.
“ന്യൂബോളിൽ പേസർമാർക്ക് പിച്ചിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നുണ്ടായിരുന്നു. അതിനുശേഷം സ്പിന്നർമാർക്കും മെച്ചം ലഭിക്കുകയുണ്ടായി. ഇന്നിംഗ്സിന്റെ അവസാന 15-20 ഓവറുകളിൽ മഞ്ഞുതുള്ളികൾ എത്തിയത് മത്സരത്തിൽ നിർണായകമായി. അത് ഞങ്ങളെ കുറച്ചധികം സഹായിച്ചു. ബോൾ കുറച്ചുകൂടി നന്നായി ബാറ്റിലേക്ക് വരാൻ തുടങ്ങി. എന്നിരുന്നാലും പിച്ച് അല്പം ബുദ്ധിമുട്ടേറിയതായിരുന്നു.
ബാറ്റിംഗ് ചെയ്യാൻ അത്ര അനായാസകരമായ വിക്കറ്റ് ആയിരുന്നില്ല ഇത്. എന്നിരുന്നാലും ക്രിക്കറ്റ് ആവശ്യപ്പെടുന്ന ഒരു പിച്ച് തന്നെയാണ് ചെന്നൈയിലേത്. ബാറ്റർമാർക്കും ബോളർമാർക്കും ഇവിടെ നിന്ന് സഹായം ലഭിക്കുന്നുണ്ട്.”- രാഹുൽ കൂട്ടിച്ചേർത്തു.
“ഇത്തരം പിച്ചുകളാണ് നമുക്ക് ദക്ഷിണേന്ത്യയിൽ കാണാൻ സാധിക്കുന്നത്. പ്രത്യേകിച്ച് ചെന്നൈയിൽ. അവസാന പന്തിൽ ഞാൻ ബൗണ്ടറി നേടാനായിരുന്നു ശ്രമിച്ചത്. സെഞ്ച്വറി സ്വന്തമാക്കാനാണ് ഞാൻ കണക്കുകൂട്ടലുകൾ നടത്തിയത്. ഒരു ബൗണ്ടറിയും ഒരു സിക്സറും നേടിയാൽ മാത്രമേ എനിക്ക് സെഞ്ചുറി നേടാൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷേ അത് സിക്സറായി മാറി. എന്നിരുന്നാലും സെഞ്ച്വറി സ്വന്തമാക്കാൻ സാധിക്കാത്തതിൽ നിരാശയില്ല.”- രാഹുൽ പറഞ്ഞു വയ്ക്കുന്നു.