രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും ബാറ്റിംഗിൽ പരാജയപ്പെട്ട് ഇന്ത്യയുടെ ഓപ്പണർ രാഹുൽ. ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ മത്സരത്തിൽ കളിപ്പിക്കുന്നതിനെതിരെ മുൻപ് ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിന് ആക്കം കൂട്ടുന്ന തരത്തിലാണ് കെ എൽ രാഹുൽ രണ്ടാം ടെസ്റ്റിലും പുറത്തായിരിക്കുന്നത്. ഇന്നിങ്സിൽ 41 പന്തുകൾ നേരിട്ട രാഹുൽ വെറും 17 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ഇന്ത്യക്ക് മത്സരത്തിലെ ആദ്യ വിക്കറ്റും നഷ്ടമായി.
മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 18ആം ഓവറിലെ ആദ്യ പന്തിലായിരുന്നു രാഹുൽ കൂടാരം കയറിയത്. നതാൻ ലയണിന്റെ പന്തിൽ മുൻപിലേക്ക് കയറി ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു രാഹുൽ. എന്നാൽ കൃത്യമായ ലൈനിൽ വന്ന പന്ത് രാഹുലിന്റെ പാഡിൽ കൊള്ളുകയാണ് ഉണ്ടായത്. ഉടൻതന്നെ അമ്പയർ ഔട്ട് വിളിച്ചെങ്കിലും കെ എൽ രാഹുൽ അത് റിവ്യൂവിന് വിടാൻ തയ്യാറായി. എന്നാൽ റിവ്യൂവിൽ ഇത് ഔട്ടാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
ഓസീസിനെതിരായ ആദ്യ ടെസ്റ്റിലും ഇതേപോലെ മോശം ബാറ്റിംഗ് തന്നെയായിരുന്നു കെ എൽ രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ 20 റൺസ് മാത്രമായിരുന്നു കെഎൽ രാഹുലിന്റെ സമ്പാദ്യം. അക്കാരണത്താൽ തന്നെ രാഹുലിനെ ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇന്ത്യയുടെ കഴിഞ്ഞ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇത്തരത്തിൽ രാഹുൽ മോശം പ്രകടനം തുടരുകയുണ്ടായി.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിനെ 263 എന്ന സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നാല് വിക്കറ്റുകൾ നേടിയ മുഹമ്മദ് ഷാമിയായിരുന്നു ഓസീസിന്റെ സംഹാരത്തിന് നേതൃത്വം നൽകിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ സ്പിന്നിനെതിരെ ഇന്ത്യൻ ബാറ്റർമാരും പതറുന്നത് തന്നെയാണ് മത്സരത്തിൽ കാണാൻ സാധിക്കുന്നത്.