ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍റ് ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഒരുങ്ങി കെല്‍ രാഹുല്‍. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഒരുക്കിയിരിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത് കാരണമാണ് കെല്‍ രാഹുല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുകയാണ്. അതുകൊണ്ടാണ് സീനിയര്‍ താരങ്ങളായ വീരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബൂംറ എന്നിവര്‍ക്ക് ഈ പരമ്പരയില്‍ നിന്നും വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളത്.
ഉടന്‍ തന്നെ ന്യൂസിലന്‍റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിക്കും. ടി20 ലോകകപ്പിനു ശേഷം വീരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും എന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ പുതിയ ക്യാപ്റ്റനെയും ബിസിസിഐ തിരഞ്ഞെടുക്കേണ്ടതുണ്ട്.
കോഹ്ലിക്ക് ശേഷം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കാന്‍ സാധ്യതയുള്ള താരം. എന്നാല്‍ രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിക്കുന്നത് കാരണമാണ് രാഹുല്‍ ടീമിനെ നയിക്കുക. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ നയിച്ചത് രാഹുലായിരുന്നു. ടി20 പരമ്പര കൂടാതെ 2 ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുത്തിയട്ടുണ്ട്. സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കുന്ന കാര്യവും ബിസിസിയുടെ പരിഗണനയിലുണ്ട്.
ഇന്ത്യ – ന്യൂസിലന്‍റ് പരമ്പരയിലെ മത്സരങ്ങള്‍
- നവംമ്പര്‍ 17 – ടി20 – ജയ്പൂര്‍
- നവംമ്പര്‍ 19 – ടി20 – റാഞ്ചി
- നവംമ്പര്‍ 21 – ടി20 – കൊല്‍ക്കത്ത
- നവംമ്പര്‍ 25 – ടെസ്റ്റ് – കാന്‍പൂര്‍
- ഡിസംമ്പര്‍ 03 – ടെസ്റ്റ് – മുംബൈ