സിറാജ് എന്തുകൊണ്ട് ടീമില്‍ ഇല്ലാ : ചോദ്യവുമായി സൽമാൻ ബട്ട്

എല്ലാകാലത്തും ടി :20 ലോകകപ്പിൽ വളരെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്.2007ലെ ടി :20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം ഇത്തവണ ലോകകപ്പിൽ മറ്റൊരു കിരീടം നേടുമെന്ന് ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങളും അടക്കം അഭിപ്രായപെട്ടിരുന്നു.

എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിപരീതമായി മോശം പ്രകടനമാണ് കോഹ്ലിയും ടീമും ലോകകപ്പിൽ ഇതുവരെ കാഴ്ചവെച്ചത്. എല്ലാ അർഥത്തിലും എതിരാളികൾക്ക്‌ മുന്നിൽ മുട്ടുമടക്കുന്ന ഇന്ത്യൻ ടീം എല്ലാ ക്രിക്കറ്റ്‌ പ്രേമികൾക്കും പുതിയ ഒരു കാഴ്ചയായി മാറി. കൂടാതെ പാകിസ്ഥാൻ, കിവീസ് ടീമുകളോട് ദയനീയമായി തന്നെ പരാജയപ്പെട്ട ഇന്ത്യൻ ടീമും നായകൻ വിരാട് കോഹ്ലിയും ഇപ്പോൾ അതിരൂക്ഷ വിമർശനങ്ങൾ നടുവിലാണ്.കൂടാതെ പ്ലെയിങ് ഇലവനെയടക്കം സെലക്ട് ചെയ്യുന്നതിൽ കോച്ചിംഗ് പാനലിനും പിഴക്കുന്നതായി ആരാധകർ ചൂണ്ടികാണിക്കുന്നു. ഗ്രൂപ്പിൽ ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാൽ പോലും ടീം ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടുമോയെന്നത് പോലും സംശയമാണ്.

എന്നാൽ ടി :20 ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുത്ത ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയെ അതിരൂക്ഷ ഭാഷയില്‍ വിമർശിക്കുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്.ഇത്തവണത്തെ ഐപിഎല്ലിൽ ഏറെ മികച്ച പ്രകടനം കാഴ്ചവെച്ച സിറാജ് അടക്കമുള്ള ചില താരങ്ങളെ സ്‌ക്വാഡിൽ നിന്നും എന്ത് കാരണത്താൽ ഒഴിവാക്കിയെന്നാണ് മുൻ പാകിസ്ഥാൻ ഓപ്പണർ ചോദിക്കുന്നത്. വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ടീമിനായി ഇത്തവണ മികവോടെ വെറും 6.79 എക്കോണമിയിൽ ബൗളിംഗ് ചെയ്ത സിറാജിനെ എന്തിന്റെ അടിസ്ഥാനത്തിൽ ടീമിലെടുത്തില്ല എന്നും ബട്ട് യൂട്യൂബ് ചാനലിൽ കൂടി ചോദിക്കുന്നുണ്ട്.

“145 കിലോമീറ്ററിൽ അധികം സ്പീഡിൽ ഏത് എതിരാളികളെയും വീഴ്ത്താനായി കഴിയുന്ന സിറാജിനെ നിങ്ങൾ എന്തിന് ഒഴിവാക്കി. കൂടാതെ ഈ സീസണിലെ ഐപിഎല്ലിൽ തന്നെ ഏറ്റവും മികച്ച ഒരു എക്കോണമി അയാൾക്കാണ് സ്വന്തം. ഇംഗ്ലണ്ട് സീരിസിൽ അയാൾ ബൗളിംഗ് പൂർത്തിയാക്കിയ രീതി കണ്ടോ. എന്നിട്ടും എന്തുകൊണ്ടാണ് ടീമിൽ നിന്നും നിങ്ങൾ സിറാജിനെ മാറ്റിയത് “ബട്ട് വിമർശനം കടുപ്പിച്ചു. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ തന്നെ ലീഡിങ് വിക്കറ്റ് ടേക്കർമാരിൽ ഒരാളായ സിറാജിനെ ഒഴിവാക്കിയത് മുൻ ഇന്ത്യൻ താരങ്ങളും വിമർശിച്ചിരുന്നു.