ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഒരു ലോ സ്കോറിങ് ത്രില്ലർ ആയിരുന്ന മത്സരത്തിൽ കെ എൽ രാഹുലിന്റെ മികവാർന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ 75 റൺസായിരുന്നു കെ എൽ രാഹുൽ നേടിയത്. രാഹുലിനൊപ്പം രവീന്ദ്ര ജഡേജയും മത്സരത്തിൽ ഒരു പ്രധാന ഇന്നിംഗ്സ് കളിക്കുകയുണ്ടായി.
രാഹുലിനൊപ്പം ചേർന്ന് ഇന്ത്യക്കായി ആറാം വിക്കറ്റിൽ 108 റൺസിന്റെ കൂട്ടുകെട്ട് രവീന്ദ്ര ജഡേജ കെട്ടിപ്പടുത്തിരുന്നു. മത്സരത്തിൽ ജഡേജയുടെ ഇന്നിങ്സ് ഇന്ത്യയെ ഏത് തരത്തിൽ സഹായിച്ചു എന്ന് മത്സരശേഷം കെഎൽ രാഹുൽ പറയുകയുണ്ടായി.
“ഞങ്ങളുടെ ഇന്നിങ്സിന്റെ ആദ്യസമയത്ത് തന്നെ മൂന്നു വിക്കറ്റുകൾ വീഴുകയുണ്ടായി. സ്റ്റാർക്കിന്റെ ബോൾ നന്നായി സിങ്ങ് ചെയ്യുന്നുണ്ടായിരുന്നു. മാത്രമല്ല അയാൾക്ക് ബോൾ അകത്തേക്ക് മൂവ് ചെയ്യാൻ സാധിച്ചിരുന്നു. അയാൾ ഒരു അപകടകാരിയായ ബോളറാണ്. അതിനാൽ തന്നെ സാധാരണ രീതിയിലുള്ള ക്രിക്കറ്റിങ് ഷോട്ടുകൾ കളിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. എനിക്ക് അത്തരത്തിൽ കുറച്ച് ബൗണ്ടറികൾ നേടാൻ സാധിച്ചു. അത് എന്നെ ശാന്തനാക്കി. ഗില്ലിനൊപ്പവും ഹർദിക്കിനൊപ്പവും ജഡേജയ്ക്കൊപ്പവും ബാറ്റ് ചെയ്യാൻ എനിക്ക് സാധിച്ചു. വിക്കറ്റിനെ പറ്റിയുള്ള സംസാരങ്ങൾ എന്നെ സഹായിക്കുകയും ചെയ്തു.”- കെ എൽ രാഹുൽ മത്സരശേഷം പറഞ്ഞു.
“ഞങ്ങൾ മത്സരത്തിൽ വളരെ പോസിറ്റീവ് ആയിരിക്കാനാണ് ശ്രമിച്ചത്. ഒപ്പം മോശം പന്തുകളെ ആക്രമിക്കുകയും ചെയ്തു. ജഡേജയ്ക്കൊപ്പം ബാറ്റ് ചെയ്യുക എന്നത് വളരെ രസകരമാണ്. ജഡേജ ക്രീസിലേത്തിയ ഉടൻ തന്നെ കുറച്ചധികം മോശം ബോളുകൾ ഓസ്ട്രേലിയൻ ബോളർമാർ എറിയാൻ തുടങ്ങി. അവരുടെ മികച്ച ബോളർമാരിൽ നിന്നാണ് ഇത്തരത്തിൽ മോശം ബോളുകൾ വന്നത്. ആ സമയത്ത് ഇടംകയ്യനായ ജഡജ ക്രീസിലെത്തിയത് അവരെ ബാധിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് മത്സരത്തിൽ നിർണായകമായത് ജഡേജയുടെ ആ സമയത്തെ എൻട്രിയായിരുന്നു.”- രാഹുൽ കൂട്ടിചേർക്കുന്നു.
“ജഡേജ വളരെ ഭംഗിയായി തന്നെ ബാറ്റിംഗ് നിർവഹിച്ചു. ഒപ്പം വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിലും അയാൾ മികവ് കാട്ടി. അയാൾ മികച്ച ഫോമിലാണുള്ളത്. മാത്രമല്ല ഇത്തരം സാഹചര്യങ്ങളിൽ ഏതുതരത്തിൽ കളിക്കണമെന്ന് ബോധ്യവും ജഡേജയ്ക്കുണ്ട്. മത്സരം ആരംഭിച്ച സമയത്ത് പിച്ച് ബോളർമാരെ ഇത്രയധികം സഹായിക്കുമേന്ന് കരുതിയിരുന്നില്ല. എന്നാൽ ഷാമി തന്റെ രണ്ടാം സ്പെല്ലിൽ അത്ഭുതങ്ങൾ കാട്ടിയതോടെ നിഗമനങ്ങൾ മാറുകയായിരുന്നു.”- രാഹുൽ കൂട്ടിച്ചേർക്കുന്നു.